Breaking News

സെൽഫിക്കിടെ ക്ലിഫിൽ നിന്ന് വീണ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു

വർക്കല: സെൽഫി എടുക്കുന്നതിനിടെ വർക്കല ഹെലിപാഡ് ക്ലിഫിൽ നിന്ന് താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശി ചികിത്സയ്ക്കിടെ മരിച്ചു. തെങ്കാശി ശങ്കരൻകോവിൽ സ്വദേശിയായ ശരവണൻ എന്നറിയപ്പെടുന്ന ടി. മുരുകൻ ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 11 മണിയോടെ മരിച്ചത്.

കഴിഞ്ഞ ദിവസം ഹെലിപാഡ് പ്രദേശത്തെ സുരക്ഷാ വേലി മറികടന്ന് കുന്നിൻ അഗ്രഭാഗത്ത് എത്തിയ ഇയാൾ ഏകദേശം 30–40 അടി താഴ്ചയിലേക്കാണ് വീണത്. സംഭവസമയത്ത് ഇയാളോടൊപ്പം ഉണ്ടായിരുന്ന സുഹൃത്തിന്റെ മൊഴിപ്രകാരം ഇരുവരും ലഹരിയിലായിരുന്നുവെന്നും സെൽഫി എടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വീണതാണെന്നും പോലീസിനെ അറിയിച്ചു.

വിവരം ലഭിച്ചതിനെ തുടർന്ന് വർക്കല ഫയർഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. യുവാവിനെ താഴെ നിന്നും ഉയർത്തി ആശുപത്രിയിലെത്തിച്ചു. എന്നാൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും മൃതദേഹം വിട്ടു കിട്ടുന്നതിനായുള്ള പോലീസിന്റെ തുടർ നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി ബന്ധുക്കൾ വർക്കല പോലീസ് സ്റ്റേഷനിലെത്തി.

സംഭവത്തെ തുടർന്ന് ഹെലിപാഡ് പ്രദേശത്തെ സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് വീണ്ടും ചർച്ചകൾ ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *