Breaking News

സിനിമ തീയറ്ററുകളിൽ മുട്ടിലിഴഞ്ഞു മോഷണം നടത്തുന്ന യുവാവ് അറസ്റ്റിൽ

ആറ്റിങ്ങൽ :സിനിമ കാണാൻ തിയേറ്ററിൽ എത്തുന്നവർക്ക് ഇടയിലേക്ക് നഗ്നനായി മുട്ടിൽ ഇഴഞ്ഞു പോയി മോഷണം നടത്തുന്ന പ്രതിയെ തിയേറ്റർ ഉടമകൾ ചേർന്ന് പിടികൂടി. തമിഴ്നാട് നീലഗിരി നെല്ലാർ കോട്ടയിൽ കണ്ണച്ചാം പറമ്പിൽ വിബിൻ(34) ആണ് അറസ്റ്റിൽ ആയത്.

രണ്ട് ദിവസം മുൻപ് ആറ്റിങ്ങൽ ഗംഗ തിയേറ്ററിൽ സിനിമ കാണാൻ എത്തിയ രണ്ട് യുവതികളുടെ പേഴ്സ് നഷ്ടമായതിനെ തുടർന്ന് നടത്തിയ സിസിടിവി പരിശോധനയിലാണ് അത്ഭുതപെടുത്തുന്ന മോഷണ രീതി പുറത്ത് അറിയുന്നത്.

ആദ്യമേ തന്നെ തിയേറ്ററിൽ കയറി സീറ്റിൽ ഇരിക്കുന്നവരെ നോക്കി മനസ്സിലാക്കി വെച്ച ശേഷം പ്രതി ഇന്റർവെൽ സമയത്ത് പുറകിൽ ആരും ഇല്ലാത്ത സ്ഥലത്ത് പോയി ഇരിക്കുകയും ശേഷം വസ്ത്രം ഊരിമാറ്റി അടിവസ്ത്രം മാത്രം ധരിച്ച് മുട്ടിൽ ഇഴഞ്ഞു ഓരോരുത്തരുടേയും സീറ്റിന് അടുത്തെത്തി മോഷണം നടത്തുകയും ചെയ്യുന്നതായിരുന്നു രീതി. മോഷണം നടത്തിയ ശേഷം പ്രതി തിരികെ സീറ്റിലെത്തി വസ്ത്രം ധരിച്ച് മാന്യനായി ഇരിക്കും. സിനിമ കഴിയുന്നതോടെ ഇയാള്‍ രക്ഷപ്പെടുകയും ചെയ്യും.
അന്വേഷണത്തിൽ പ്രതിക്കെതിരെ 2015ൽ സമാനമായ സംഭവത്തിന് തമ്പാനൂർ പോലീസ് കേസ് എടുത്തിരുന്നു. അന്ന് പ്രതി താമസിച്ചിരുന്ന ആളൊഴിഞ്ഞ സ്ഥലത്തെ പണി തീരാത്ത കെട്ടിടത്തിൽ നിന്ന് നൂറു കണക്കിന് ബാഗും ഫോണുകളുമാണ് പിടികൂടിയത്. വർഷങ്ങളായി ഈ രീതിയിൽ മോഷണം തുടർന്ന് വരികയാണ് പ്രതി.

ആറ്റിങ്ങൽ ഗംഗ തിയേറ്ററിൽ നടന്ന മോഷണത്തിന് ശേഷം തിയേറ്റർ ഉടമകൾ സംയുക്തമായി പ്രതിയെ പിടികൂടാൻ തക്കം പാർത്ത് ഇരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കഴക്കൂട്ടം വെട്ടുറോഡ് ഹരിശ്രീ തിയേറ്ററിൽ മോഷണത്തിന് എത്തിയപ്പോൾ കയ്യോടെ പിടികൂടുകയായിരുന്നു.

ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാർ,ഇൻസ്പെക്ടർ മുരളീകൃഷ്ണൻ, എസ് ഐ ശ്രീകുമാർ, പോലീസുകാരനായ നന്ദു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *