

വര്‍ക്കല: വര്‍ക്കലയില്‍ മരണപ്പെട്ട പതിനൊന്ന് വയസുകാരിയുടെ ദേഹത്ത് മുറിവിന്റെ പാടുകള്‍. വര്‍ക്കല അയിരൂര്‍ വിളപ്പുറം കാട്ടുവിള വീട്ടില്‍ സജിയുടെ മകള്‍ രാജിയാണ് മരണപ്പെട്ടത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പെണ്‍കുട്ടിയെ ഇന്ന് രാവിലെ അവശനിലയില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കുട്ടിയുടെ ദേഹത്ത് അടിയുടെ പാടുകളും സിഗരറ്റ് കൊണ്ട് പൊള്ളിച്ചതുപോലുള്ള പാടുകളും കണ്ടതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. മാതാവ് അഞ്ജുവിനും രണ്ടാനച്ഛനുമൊപ്പമായിരുന്നു രാജി താമസിച്ചിരുന്നത്. രാജിയുടെ പിതാവ് സജിയും മാതാവ് അഞ്ജുവും പിണങ്ങിപ്പിരിഞ്ഞിരുന്നു.


അതേസമയം, കുട്ടിയുടെ ദേഹത്ത് കാണപ്പെട്ട അടിയുടെയും പൊള്ളലിന്റെയും പാടുകള്‍ക്ക് നല്ല പഴക്കമുണ്ടെന്ന് അയിരൂര്‍ പോലീസ് വ്യക്തമാക്കി. കുട്ടിക്ക് ന്യൂട്രീഷന്‍ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നതായും പോലീസ് കൂട്ടിച്ചേര്‍ത്തു. കുട്ടി ആഹാരം കഴിക്കാത്തതിന് മുമ്പ് അമ്മ അടിച്ച പാടുകളാണ് ദേഹത്തുള്ളതെന്നും സഹോദരങ്ങളോടൊപ്പം കളിച്ചപ്പോള്‍ ഉണ്ടായതാണ് പൊള്ളിയ പാടുകളെന്നുമാണ് പ്രാഥമിക നിഗമനം. എന്നാല്‍, മരണകാരണം എന്താണെന്നത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂവെന്നും അതിന് ശേഷം വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം പിതാവായ സജിയുടെ വീട്ടില്‍ സംസ്‌കരിച്ചു.



