

വര്‍ക്കല: ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് ലഭിച്ച നഷ്ടപരിഹാരം ഭര്‍ത്താവിന്റെ സഹോദരിയും അവരുടെ ഭര്‍ത്താവും ചേര്‍ന്ന് തട്ടിയെടുത്തതായി പരാതി. വര്‍ക്കല വെട്ടൂര്‍ മാങ്ങാട് മാടന്‍നട ഷഹാനാ മന്‍സിലില്‍ നിസയാണ് ഭര്‍ത്താവിന്റെ സഹോദരി ഷൈലയ്ക്കും ഷൈലയുടെ ഭര്‍ത്താവ് ബാദുഷയ്ക്കുമെതിരെ പരാതിയുമായി രംഗത്തെത്തിയത്. നിസയുടെ ഭര്‍ത്താവ് ഷാജി ഖത്തര്‍ മുനിസിപ്പാലിറ്റിയിലെ ജീവനക്കാരനായിരുന്നു. 2016-ല്‍ ഷാജി ഖത്തറില്‍വച്ച് മരണപ്പെട്ടു. ഷാജിയുടെ മരണത്തെ തുടര്‍ന്ന് ഷാജിയുടെ കുടുംബത്തിന് 34 ലക്ഷം രൂപ നഷ്ടപരിഹാരമായി ലഭിച്ചിരുന്നു.


എന്നാല്‍ ഇതില്‍ 15 ലക്ഷം രൂപയാണ് ഷാജിയുടെ കുടുംബത്തിന് ലഭിച്ചിട്ടുള്ളത്. ബാക്കി 19 ലക്ഷം രൂപ തങ്ങളെ വഞ്ചിച്ച് ഷൈലയും ബാദുഷയും ചേര്‍ന്ന് തട്ടിയെടുക്കുകയായിരുന്നു എന്നാണ് നിസ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. 15 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി കിട്ടിയതെന്ന് തങ്ങളെ വിശ്വസിപ്പിച്ചതായും മറ്റുള്ളവര്‍ ഇക്കാര്യത്തില്‍ സംശയം പ്രകടപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ തുക നഷ്ടപരിഹാരമായി കിട്ടിയിട്ടുണ്ടെന്നും ആ തുക ഷൈലയും ബാദുഷയും ചേര്‍ന്ന് തട്ടിയെടുക്കുകയാണ് ഉണ്ടായതെന്നും മനസിലായതെന്നും നിസ വ്യക്തമാക്കി. വര്‍ക്കല പ്രസ് ക്ലബ്ബില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.




