

പള്ളിക്കല്‍: പള്ളിക്കലില്‍ മന്ത്രവാദിനി ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ്. തിരുവനന്തപുരം നെടുമങ്ങാട് വാഴോട്ടുകോണം സ്വദേശി രമ്യ, തിരുവനന്തപുരം മടത്തറ സ്വദേശികളായ അന്‍സീര്‍, ഉണ്ണി എന്നിവരാണ് തട്ടിപ്പ് നടത്തിയത്. മടവൂര്‍ പോളച്ചിറ വീട്ടില്‍ ശാന്ത(51), പള്ളിക്കല്‍ സ്വദേശികളായ നാണി, ലീല, വര്‍ക്കല ഊന്നിന്‍മൂട് സ്വദേശികളായ ഓമനാ ബാബു, ബാബു എന്നിവരില്‍നിന്നാണ് 1,83,000 രൂപയും നാലര ലക്ഷത്തോളം വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങളും പ്രതികള്‍ തട്ടിയെടുത്തത്. പരാതിക്കാരിയായ ശാന്തയുടെയും കുടുംബാംഗങ്ങളുടെയും ദോഷം മാറാന്‍ പൂജ ചെയ്യണമെന്നും ഇല്ലെങ്കില്‍ മരണം സംഭവിക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പണവും സ്വര്‍ണ്ണവും തട്ടിയെടുത്ത മൂവര്‍ സംഘം മുങ്ങിയതോടെയാണ് ശാന്ത പരാതിയുമായി പോലീസിനെ സമീപിച്ചത്.



2024 മേയിലായിരുന്നു തട്ടിപ്പിന് തുടക്കം. ശാന്തയുടെ സഹോദരന്‍ സഹദേവന്റെ വീട്ടിലെത്തിയ ഒന്നാം പ്രതി രമ്യ സഹദേവനോടും കുടുംബത്തോടും സൗഹൃദം സ്ഥാപിച്ച ശേഷം പിന്നീട് കുടുംബത്തോടൊപ്പം ശാന്തയുടെ ചേച്ചി നാണിയുടെ വീട്ടില്‍ താമസിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് വലിയ ദോഷങ്ങളുണ്ടെന്നും ദോഷം മാറാന്‍ വലിയ പൂജകള്‍ ചെയ്യണമെന്നും ഇല്ലെങ്കില്‍ മരണം വരെ സംഭവിക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിക്ക് ദേവിയുടെ അനുഗ്രഹം കിട്ടിയെന്ന പേരില്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി ഉറഞ്ഞു തുള്ളുകയും നെറ്റിയില്‍ നിന്നും കണ്ണില്‍ നിന്നും എന്തോ ചുവന്ന ദ്രാവകം വരുത്തുകയും, ഇത് രക്തമാണെന്ന് പറയുകയും ചെയ്തു.



ഇത് വിശ്വസിച്ച ശാന്തയുടെയും കുടുംബാംഗങ്ങളുടെയും പക്കല്‍നിന്ന് പ്രതികള്‍ പലപ്പോഴായി പണവും സ്വര്‍ണ്ണാഭരണവും കൈക്കലാക്കുകയായിരുന്നു. യാത്രകള്‍ക്ക് സ്ഥിരമായി ആഡംബര വാഹനങ്ങള്‍ മാത്രം ഉപയോഗിക്കുന്ന യുവതി പൂജയ്‌ക്കെന്ന പേരില്‍ ഇവര്‍ അഞ്ചു പേരെയും പളനിയില്‍ ആറ്റിന്‍കര പള്ളിക്ക് സമീപമുള്ള ലോഡ്ജില്‍ താമസിപ്പിച്ച ശേഷം യുവതിയും കൂട്ടാളികളും സ്ഥലം വിടുകയായിരുന്നു. ഏകദേശം ആറര ലക്ഷത്തോളം രൂപയാണ് പ്രതികള്‍ ഇവരില്‍നിന്നും തട്ടിയെടുത്തത്. പള്ളിക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെങ്കിലും ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല.

