

ന്യൂയോര്‍ക്ക്: ലോകവ്യാപകമായി ഉപയോഗിക്കപ്പെടുന്ന മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം പണിമുടക്കിയതോടെ ലോകമൊട്ടാകെയുള്ള കോടിക്കണക്കിന് ഉപഭോക്താക്കള്‍ ആശങ്കയുടെ നിഴലില്‍. വിന്‍ഡോസിന് നേരിട്ട സാങ്കേതിക പ്രശ്‌നം കാരണം വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകമെമ്പാടുമുള്ള കംപ്യൂട്ടറുകള്‍ തനിയെ റീ സ്റ്റാര്‍ട്ടാവുകയാണ്. സാങ്കേതിക പ്രശനമുണ്ടെന്ന മുന്നറിയിപ്പായ ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത് കാണിക്കുകയും ചെയ്യുന്നുണ്ടെന്ന് വിന്‍ഡോസ് ഉപഭോക്താക്കള്‍ പരാതിപ്പെടുന്നുണ്ട്. ഇന്ത്യയിലും വിന്‍ഡോസ് ഉപഭോക്താക്കള്‍ സങ്കീര്‍ണമായ പ്രശ്നം നേരിടുന്നതായി സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണങ്ങളില്‍നിന്ന് വ്യക്തമാണ്.



മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സാങ്കേതിക പ്രശ്നം ബാങ്കുകളടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളെയും വ്യോമയാന സര്‍വ്വീസുകളെയും സാരമായി ബാധിച്ചിട്ടുണ്ട്. ആകാസ എയര്‍, ഇന്‍ഡിഗോ അടക്കം ഇന്ത്യന്‍ കമ്പനികളും പ്രതിസന്ധിയിലാണ്. വിമാന കമ്പനികളുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ്, ചെക്ക്-ഇന്‍, ബോര്‍ഡിംഗ് പാസ് ആക്‌സസ് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ അവതാളത്തിലായി. ബ്രിട്ടനിലെ സ്‌കൈ ന്യൂസ് ടിവി ചാനലിന് ഈ സാങ്കേതിക പ്രശ്‌നം മൂലം പ്രക്ഷേപണം നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. വിന്‍ഡോസിന് സുരക്ഷ സേവനങ്ങള്‍ നല്‍കുന്ന സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ ക്രൗഡ്‌സ്‌ട്രൈക്കിന്റെ പ്രശ്‌നമാണ് വ്യാപക പ്രതിസന്ധിക്ക് കാരണം. ആഗോളമായി ബാധിക്കുന്ന പ്രശ്‌നം പരിഹരിക്കാന്‍ പരിശ്രമം തുടരുകയാണെന്നാണ് ക്രൗഡ്‌സ്‌ട്രൈക്ക് നല്‍കുന്ന വിശദീകരണം.


