
ജക്കാര്‍ത്ത: കാറ്റടിച്ചപ്പോള്‍ ഗര്‍ഭിണിയായി, ഒരു മണിക്കൂറിനുള്ളില്‍ പ്രസവിക്കുകയും ചെയ്തുവെന്ന വിചിത്ര വാദവുമായി യുവതി. ഇന്തൊനേഷ്യക്കാരിയായ സിതി സൈന എന്ന യുവതിയാണ് ഈ വിചിത്രമായ വാദം ഉന്നയിച്ചത്. കഴിഞ്ഞ ആഴ്ചയാണ് സിതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ലോക മാധ്യമങ്ങള്‍ ഈ വിചിത്ര വാദത്തെ തലക്കെട്ടുകളാക്കിയതോടെ സംഗതി വൈറലായി.
‘താന്‍ വീട്ടിലെ സ്വീകരണമുറിയില്‍ ഇരിക്കുമ്പോള്‍ ശക്തമായി കാറ്റടിക്കുകയായിരുന്നു. അത് തന്നെ കടന്ന് പോയി 15 മിനിറ്റുകള്‍ക്ക് ശേഷം വയറില്‍ അസഹ്യമായ വേദന അനുഭവപ്പെട്ടു. ഉടന്‍ തന്നെ അടുത്തുള്ള കമ്യൂണിറ്റി ക്ലിനിക്കിലേക്ക് എത്തി. അവിടെവെച്ച് പ്രസവിക്കുകയായിരുന്നു’-യുവതി പ്രാദേശിക മാധ്യമങ്ങളോട് ഇങ്ങനെയാണ് പറഞ്ഞത്.
പ്രസവിക്കാനായി പോകുന്നത് വരെ സ്ത്രീകള്‍ താന്‍ ഗര്‍ഭിണിയാണെന്ന് തിരച്ചറിയാത്ത ക്രിപ്റ്റിക് പ്രഗ്നന്‍സിയാണ് സിതിയുടേത് എന്നാണ് കമ്യൂണിറ്റി ക്ലിനിക് തലവന്‍ പറയുന്നത്. ഇത്തരം അബദ്ധവാദങ്ങളെ പ്രോല്‍സാഹിപ്പിക്കില്ലെന്നും വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
സംഗതി വൈറലായതോടെ സിതിയുടെ വീട്ടിലേക്ക് നാട്ടുകാര്‍ എത്തിച്ചേരാന്‍ തുടങ്ങി. വാര്‍ത്ത പ്രചരിച്ചതോടെ ആരോഗ്യപ്രവര്‍ത്തകരും സിതിയെ സന്ദര്‍ശിച്ചു. അവരോടും സിതി ഇതേ വാദം തന്നെ ആവര്‍ത്തിച്ചു. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും എന്നാല്‍ സിതി പറയുന്ന വാദം തള്ളിക്കളയുന്നുവെന്നുമാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്.