

കല്ലമ്പലം: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് 69കാരന്‍ മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യയും മകനും അറസ്റ്റില്‍. കല്ലമ്പലം കുടവൂര്‍ മുക്കുകട എ.എസ്.മന്‍സിലില്‍ ബീവിക്കുഞ്ഞ്, മകന്‍ മുഹമ്മദ് ഷാന്‍ എന്നിവരാണ് അറസ്റ്റിലായത്. സ്വത്ത് തങ്ങളുടെ പേര്‍ക്ക് എഴുതി നല്‍കാത്തതിലുള്ള വിരോധമാണ് ഭര്‍ത്താവ് അബ്ദുല്‍ മജീദിനെ രണ്ടാം ഭാര്യ ബീവിക്കുഞ്ഞും മകനും ചേര്‍ന്ന് മര്‍ദ്ദിക്കാനുണ്ടായ കാരണം. ക്രൂരമായ മര്‍ദ്ദനമേറ്റ് തലയ്ക്കും കഴുത്തിനും ഗുരുതര പരിക്ക് പറ്റിയ അബ്ദുല്‍ മജീദ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.



ഭാര്യയും മക്കളും ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവം ചൂണ്ടിക്കാട്ടി അബ്ദുല്‍ മജീദ് കല്ലമ്പലം പോലീസില്‍ പരാതി നല്‍കിയിരുന്നു. അബ്ദുല്‍ മജീദ് മരണപ്പെട്ടതോടെ ഭാര്യ ബീവിക്കുഞ്ഞിനെയും മകന്‍ മുഹമ്മദ് ഷാനെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അബ്ദുല്‍ മജീദ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മകള്‍ ഫാത്തിമ ബീവിയുടെ പേരില്‍ കേസെടുത്തുവെങ്കിലും പോലീസ് ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല. അബ്ദുല്‍ മജീദിന്റെ മരണകാരണം മര്‍ദ്ദമേറ്റതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


