

ബിഷ്ണുപൂര്‍: കലാപത്തെ തുടര്‍ന്ന് മണിപ്പുരില്‍ ജനക്കൂട്ടം ആയുധങ്ങള്‍ കൊള്ളയടിക്കുന്നു. ബിഷ്ണുപൂരില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജനക്കൂട്ടം ആയുധങ്ങള്‍ കൊള്ളയടിച്ചു. നരന്‍സേനനിലെ ഐ.ആര്‍.ബി രണ്ടാം ബറ്റാലിയന്റെ ക്യാമ്പില്‍ നിന്ന് മൂന്നൂറ് തോക്കുകളാണ് സ്ത്രീകള്‍ അടക്കമുള്ള മെയ്‌തെയ് സംഘം കൊള്ളയടിച്ചത്. ഇംഫാലില്‍ ആയുധങ്ങള്‍ കൊള്ളയടിക്കാന്‍ എത്തിയവര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

സംഘര്‍ഷം രൂക്ഷമായേക്കാമെന്ന സാഹചര്യം മുന്നില്‍ കണ്ട് കിഴക്കന്‍ ഇംഫാലിലും പശ്ചിമ ഇംഫാലിലും കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ക്ക് നല്‍കിയിരുന്ന ഇളവുകള്‍ പിന്‍വലിച്ചു. കലാപത്തില്‍ മരിച്ച കുക്കി വിഭാഗത്തില്‍ നിന്നുള്ളവരുടെ കൂട്ട സംസ്‌കാരം കോടതി ഉത്തരവിനേ തുടര്‍ന്ന് മാറ്റിവച്ചു. ചുരാചന്ദ്പുരിലെ ബൊല്‍ജാങിലെ പീസ് ഗ്രൗണ്ടിലാണ് ചടങ്ങുകള്‍ നടക്കേണ്ടിയിരുന്നത്. മെയ്‌തെയ് ഭൂരിപക്ഷ പ്രദേശമാണിത്.

