Breaking News

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കില്ല”; ലീഗിനെതിരെ വെള്ളാപ്പള്ളി നടേശന്റെ വിമർശനം

ആലപ്പുഴ: മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലീഗ് കടുത്ത ഹിന്ദു വിരുദ്ധ നിലപാടിലേക്ക് മാറിയെന്നും ഭരണത്തിലേറും മുൻപേ കേരളം ഭരിക്കാൻ തുടങ്ങിയെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം. “മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കില്ല. കോലം കത്തിച്ചാലോ വെല്ലുവിളിച്ചാലോ ഭയന്നോടില്ല. ഏത് വെല്ലുവിളിയും നേരിടാൻ എസ്.എൻ.ഡി.പി യോഗം സജ്ജമാണ്,” എന്ന് വെള്ളാപ്പള്ളി പറഞ്ഞു. തന്നെ വർഗീയവാദിയായി ചിത്രീകരിച്ച് തെരുവിൽ ആക്ഷേപിക്കാൻ ലീഗ് ആസൂത്രിത ശ്രമം നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ലീഗ് നേതൃത്വം ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും കെ.എം. ഷാജിയെപ്പോലെ വർഗീയ വിഷം ചീറ്റുന്നവരെ മന്ത്രിയാക്കാൻ നീക്കമുണ്ടെന്നും വിമർശിച്ചു.

യോഗനാദം എഡിറ്റോറിയലിലൂടെയാണ് വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കിയത്. മതേതരത്വത്തെ എതിർക്കുന്നവരെ മുസ്ലീം വിരുദ്ധരായി ചിത്രീകരിക്കാൻ ലീഗ് ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. അധികാരക്കസേര ഉറപ്പായതോടെ യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലീം ലീഗിന്റെ നേതാക്കളുടെയും അണികളുടെയും വാക്കുകളിലും പ്രവർത്തികളിലും അപകടകരമായ സൂചനകൾ പ്രകടമാണെന്നും പറഞ്ഞു.

മൂവാറ്റുപുഴ നിയുക്ത എം.എൽ.എ മാത്യു കുഴൽനാടനെതിരെ സ്വന്തം മുന്നണിയിലെ ലീഗ് പ്രവർത്തകർ പ്രതിഷേധം നടത്തിയതും വിമർശനവിധേയമാക്കി. “കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ കോൺഗ്രസ് തീരുമാനിക്കട്ടെയെന്ന് പറഞ്ഞതിന് മാത്യു കുഴൽനാടന് സ്വന്തം മുന്നണിയിൽ നിന്നുതന്നെ അധിക്ഷേപം നേരിടേണ്ടിവന്നു. തിരഞ്ഞെടുപ്പ് വിജയത്തിനായി നിശ്ചയിച്ച സ്നേഹവിരുന്ന് പോലും നടത്താനാകാത്ത സ്ഥിതിയാണ് കേരളത്തിലുള്ളത്,” എന്നും അദ്ദേഹം പറഞ്ഞു.

എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരും താനുമാണ് ഇപ്പോൾ ലീഗിന്റെ മുഖ്യശത്രുക്കളെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. “മതസൗഹാർദത്തിനായി പ്രവർത്തിക്കുന്നവരാണെന്ന് പറയുമ്പോഴും മറുവശത്ത് മതവിദ്വേഷം പ്രചരിപ്പിക്കുകയാണ് ലീഗ്. കേരളത്തിലെ മതേതര സമൂഹത്തിന് മുന്നിൽ ലീഗ് നേതൃത്വം ഉടുമുണ്ട് അഴിഞ്ഞ നിലയിലാണ്,” എന്നും വിമർശിച്ചു. ഭരണത്തിൽ എത്തിയ ശേഷം ലീഗ് എന്തെല്ലാം ചെയ്യുമെന്ന് കാത്തിരിക്കുകയാണെന്നും മതത്തിന്റെ പേരിലുള്ള സംഘടനയ്ക്ക് മതേതരത്വത്തെക്കുറിച്ച് പറയാൻ അർഹതയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ മതപരമായി വിഭജിക്കാൻ മുന്നിൽ നിന്ന അഖിലേന്ത്യാ ലീഗിന്റെ അവശിഷ്ടമാണ് കേരളത്തിലെ മുസ്ലീം ലീഗെന്നും വെള്ളാപ്പള്ളി ആരോപിച്ചു.“ഹിന്ദുക്കളെ കൊന്നുതള്ളിയ മലബാർ കലാപത്തിന്റെ നാട്ടിലാണ് മുസ്ലീം ലീഗ് വളർന്നത്. അന്ന് നടന്ന കൂട്ടക്കൊലയെ സ്വാതന്ത്ര്യസമരമാക്കി മാറ്റിയ തന്ത്രം ഇനി വിലപോകില്ല. സമുദായത്തെ തകർക്കാൻ ലീഗെന്നല്ല, ഏത് കൊലകൊമ്പൻ വന്നാലും കൈകാര്യം ചെയ്യാനുള്ള ശക്തി ഇന്ന് യോഗത്തിനുണ്ട്,” എന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി

Related posts

Leave a Reply

Your email address will not be published. Required fields are marked *