Breaking News

വയനാട് ദുരന്തം; തെരച്ചില്‍ ഇന്നും തുടരും: മരണം 365 ആയി

കല്‍പ്പറ്റ: വയനാട്ടിലെ ദുരന്ത മേഖലയില്‍ ഇന്നും തെരച്ചില്‍ തുടരും. മുണ്ടക്കൈ, പുഞ്ചിരിമട്ടം, ചാലയാര്‍ എന്നിവിടങ്ങളിലായിരിക്കും തെരച്ചില്‍. ദൗത്യസംഘം രണ്ട് ഭാഗങ്ങളായി തിരിഞ്ഞായിരിക്കും ചാലിയാറില്‍ തെരച്ചില്‍ നടത്തുക. അതേസമയം, ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ മരണസംഖ്യ 365 ആയി. 148 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ് ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇനി 206 പേരെയാണ് കണ്ടെത്താനുള്ളത്. മരിച്ചവരില്‍ 30 കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. 93 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 10042 പേരാണ് കഴിയുന്നത്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ പൊതുശ്മശാനങ്ങളില്‍ സംസ്‌ക്കരിക്കും. സര്‍വ്വമത പ്രാര്‍ത്ഥനയോടെ ആയിരിക്കും സംസ്‌കാരം നടത്തുക.

വിവിധ സംഘങ്ങളായി തിരിഞ്ഞ് പുഞ്ചിരിമട്ടം, ചൂരല്‍മല, മുണ്ടക്കൈ ഒപ്പം തന്നെ സൂചിപ്പാറയിലെ താഴ്ഭാഗങ്ങള്‍, ചാലിയാര്‍ പുഴയിലെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലെ പരിശോധനയും തുടരും. അഞ്ചാം ദിവസവും ആരെയും ജീവനോടെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ചാലിയാറില്‍ നിന്ന് ഇന്നലെ കണ്ടെത്തിയത് 12 മൃതദേഹങ്ങളാണ്. ഇതോടെ ചാലിയാറില്‍ വിപുലമായ തെരച്ചില്‍ നടത്താനാണ് തീരുമാനം. പുഴ ഗതിമാറിയൊഴുകിയ സ്ഥലങ്ങളിലടക്കം ഇന്ന് പരിശോധന നടത്തിയ ശേഷം പരിശോധന അവസാനിപ്പിക്കാനാണ് തീരുമാനം. ദൗത്യം അവസാനഘട്ടത്തിലാണെന്ന് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *