

കല്‍പ്പറ്റ: കേരളക്കരയുടെ നോവായി വയനാട്. ഇന്നലെ പുലര്‍ച്ചെ ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാട്ടില്‍ മരണം 164 ആയി. ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇന്നലെ രാത്രി വൈകി നിര്‍ത്തിവച്ച രക്ഷാപ്രവര്‍ത്തനം ഇന്ന് പുലര്‍ച്ചെയോടെ പുനരാരംഭിച്ചു. ബന്ധുക്കള്‍ ആരോഗ്യസ്ഥാപനങ്ങളില്‍ അറിയിച്ച കണക്ക് പ്രകാരം ഇനിയും 211 പേരെ കണ്ടെത്തേണ്ടതുണ്ട്. മുണ്ടക്കൈ പ്രദേശം ഒന്നാകെ ഒലിച്ചുപോയ അവസ്ഥയിലാണ്. ഇവിടെ തകര്‍ന്നടിഞ്ഞ വീടുകളില്‍നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കുന്ന കാഴ്ചകളാണ് കാണാനാവുന്നത്. സര്‍ക്കാര്‍ കണക്ക് പ്രകാരം 400ല്‍ അധികം വീടുകളുള്ള മുണ്ടക്കൈയില്‍ 3-40 വീടുകളാണ് അവശേഷിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഇവിടെ സൈന്യത്തിന്റെ നേതൃത്വത്തില്‍ ബെയ്‌ലി പാലത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.



രക്ഷാപ്രവര്‍ത്തനം ഒരു വശത്ത് നടക്കുമ്പോള്‍ മറുഭാഗത്ത് സംസ്‌കാര ചടങ്ങുകളും പുരോഗമിക്കുന്നുണ്ട്. മേപ്പാടി ജുമാ മസ്ജിദ് ഖബര്‍സ്ഥാന്‍, കാപ്പം കൊല്ലി ജുമാ മസ്ജിദ് ഖബര്‍സ്ഥാന്‍, നെല്ലിമുണ്ട ജുമാമസ്ജിദ് ഖബ്ര്‍ സ്ഥാന്‍ എന്നിവിടങ്ങളില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുള്ള തയ്യാറെടുപ്പ് പുരോഗമിക്കുകയാണ്. നിലമ്പൂരില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ രണ്ടര മണിക്കൂറിനകം മേപ്പാടിയില്‍ എത്തിക്കും. ഇന്നലെ രാത്രി നിര്‍ത്തിയ രക്ഷാപ്രവര്‍ത്തനം രാവിലെ ആറ് മണിയോടെയാണ് സൈന്യം വീണ്ടും ആരംഭിച്ചത്. 4 സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാദൗത്യം ആരംഭിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തിച്ചേരാന്‍ കൂടുതല്‍ സൈന്യമെത്തും. മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണന. സൈന്യത്തിന് പിന്തുണ നല്‍കി സന്നദ്ധപ്രവര്‍ത്തകരും കൂടെയുണ്ട്.

