Breaking News

ആറ്റിങ്ങല്‍ പാലസ് റോഡിലെ വെള്ളക്കെട്ട്; പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ പാലസ് റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ. വിഷയം പരിഹരിക്കുന്നതില്‍ പി.ഡബ്ല്യു.ഡി കാലതാമസം വരുത്തുന്നവെന്ന് ആരോപിച്ച് ആറ്റിങ്ങല്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ പ്രതിഷേധം അറിയിച്ചു. പാലസ് റോഡില്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം ഡ്രൈനേജ് സംവിധാനം തകരാറിലായതിനെ തുടര്‍ന്നാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. മാസങ്ങള്‍ക്ക് മുന്‍പ് പാലസ് റോഡില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും തുടര്‍ന്ന് ആറ്റിങ്ങല്‍ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിക്കുകയും പരിശോധനയില്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്ന് പാലസ് റോഡിന് കുറുകെ അട്ടക്കുളം ഭാഗത്തേക്ക് കടന്നു പോകുന്ന ഓടയില്‍ അടവുള്ളതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നഗരസഭ ജീവനക്കാര്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

റോഡിന് കുറുകെ ഉള്ള ഓടയില്‍ മണ്ണ് നിറഞ്ഞു കിടക്കുകയാണെന്നും മുകളിലൂടെ പി.ഡബ്ല്യു.ഡി റോഡ് പോകുന്നതിനാല്‍ റോഡ് പൊളിച്ച് ടാര്‍ നീക്കം ചെയ്താല്‍ മാത്രമേ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കൂയെന്നും ചൂണ്ടിക്കാട്ടി നഗരസഭ ജൂണില്‍ പി.ഡബ്ല്യു.ഡി റോഡ് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് കത്തു നല്‍കിയിരുന്നു. തുടര്‍ന്ന് പി.ഡബ്ല്യു.ഡിയും നഗരസഭയും ചേര്‍ന്ന് ആധുനിക രീതിയിലുള്ള ഉപകരണങ്ങള്‍ എത്തിച്ച് ഓടയില്‍ ഉണ്ടായ അടവ് പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും അതും പരാജയപ്പെടുകയാണുണ്ടായത്. ഇതോടെ ആറ്റിങ്ങലിലെ പ്രധാന തിരക്കേറിയ പ്രദേശമായ ഇതിലുടെ ഉള്ള കാല്‍നടയാത്രയും സമീപത്തെ വ്യാപാരികളുടെ കച്ചവടവും ദുരിതത്തിലായി. ഇതിനെ തുടര്‍ന്ന് നിരവധി പരാതികള്‍ ഉയര്‍ന്നതോടെ തുടങ്ങിയതോടെ വിഷയത്തില്‍ ആറ്റിങ്ങല്‍ എം.എല്‍.എ ഒ.എസ് അംബിക, നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ.കുമാരി എന്നിവര്‍ ഇടപ്പെടുകയും ഉദ്യോഗസ്ഥരുടെ യോഗം അടിയന്തരമായി വിളിച്ച് ചേര്‍ക്കുകയും ചെയ്തു.

ഓട പുനര്‍ നിര്‍മ്മിച്ച് പ്രശ്‌നത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് യോഗം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ എം.എല്‍.എ ഇടപെട്ട് പി.ഡബ്ല്യു.ഡിയില്‍ നിന്നും അടിയന്തരമായി ഫണ്ട് അനുവദിപ്പിച്ചു. എന്നാല്‍ പി.ഡബ്ല്യു.ഡി പണി വൈകിപ്പിക്കുന്നതിനാലാണ് പ്രശ്‌നത്തിന് പരിഹാരം കാണാത്തതെന്ന് ആരോപിച്ചാണ് ഡി.വൈ.എഫ്.ഐ പി.ഡബ്ല്യു.ഡി റോഡ് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ പ്രതിഷേധം അറിയിച്ചത്. തുടര്‍ന്ന്, ഓടയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പി.ഡബ്ല്യു.ഡി ടെന്‍ഡര്‍ വിളിച്ചെങ്കിലും ടെന്‍ഡര്‍ എടുക്കാന്‍ കരാറുകാര്‍ രംഗത്ത് വരാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും ടെന്‍ഡര്‍ എടുക്കാന്‍ ആരെങ്കിലും തയ്യാറായാല്‍ ഓണം കഴിഞ്ഞ ഉടന്‍ പ്രശ്‌നം പരിഹരിക്കുമെന്നും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അരവിന്ദ് അറിയിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.ജി.വിഷ്ണുചന്ദ്രന്‍, ആറ്റിങ്ങല്‍ ഏരിയാ സെക്രട്ടറി സുഖില്‍, പ്രസിഡന്റ് നന്ദുരാജ്, ട്രഷറര്‍ അഖില്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ പ്രശാന്ത് മങ്കാട്ടു,അർജുൻ കല്ലിംഗൽ, വെസ്റ്റ് മേഖലാ സെക്രട്ടറി സുജിന്‍, ഈസ്റ്റ് മേഖലാ പ്രസിഡന്റ് അരുണ്‍, നഗരസഭ കൗണ്‍സിലര്‍ നിതിന്‍ തുടങ്ങിയവര്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *