

ദില്ലി: വഖഫ് ബോര്‍ഡ് നിയമ ഭേദഗതി ബില്‍ അവതരിപ്പിക്കാനുള്ള അനുമതി തേടിയതോടെ പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷാംഗങ്ങള്‍ രംഗത്തെത്തി. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവാണ് ബില്ല് അവതരിപ്പിക്കാന്‍ ലോക്സഭയില്‍ അനുമതി തേടിയത്. നിയമ ഭേദഗതി ബില്ലിനെ കോണ്‍ഗ്രസ്, ഡി.എം.കെ, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി, ആം ആദ്മി, സി.പി.എം ഉള്‍പ്പെടെയുള്ള എല്ലാ പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങളും ശക്തമായി എതിര്‍ത്തു. സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മില്‍ രൂക്ഷമായ തര്‍ക്കത്തിനും പാര്‍ലമെന്റ് സാക്ഷംവഹിച്ചു. ഒരു മത സമൂഹത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി.വേണുഗോപാല്‍ പറഞ്ഞു. നാളെ മറ്റ് മതങ്ങളിലും ഇതേ നിലയില്‍ കടന്ന് കയറ്റമുണ്ടാകുമെന്നും വിഭജന രാഷ്ട്രീയം ജനം അംഗീകരിക്കില്ലെന്നും വിമര്‍ശിച്ച അദ്ദേഹം ബില്‍ അവതരിപ്പിക്കാനോ, പാസാക്കാനോ പാടില്ലെന്നും ആവശ്യപ്പെട്ടു. ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജിയുടെ വിമര്‍ശനം. ഡി.എം.കെ നേതാവ് കനിമൊഴി ബില്ല് ഭരണഘടനക്കും, ജനാധിപത്യത്തിനും എതിരാണെന്ന് അഭിപ്രായപ്പെട്ടു.

ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് അയക്കണമെന്ന് എന്‍.സി.പി നേതാവ് സുപ്രിയ സുലെ ആവശ്യപ്പെട്ടു. ബില്ല് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന പരാതിയും സുപ്രിയ സുലെ ഉയര്‍ത്തിയെങ്കിലും അത് അന്വേഷിക്കലല്ല തന്റെ ജോലിയെന്ന് സ്പീക്കര്‍ ഓം ബിര്‍ള രൂക്ഷ മറുപടി നല്കി. ബില്ലിന് പിന്നില്‍ വൃത്തികെട്ട അജണ്ടയാണെന്ന് മുസ്ലിം ലീഗ് അംഗം ഇ.ടി.മുഹമ്മദ് ബഷീര്‍ കുറ്റപ്പെട്ടുത്തി. വഖഫ് കൗണ്‍സിലും, വഖഫ് ബോര്‍ഡുകളും അപ്രസക്തമാകുമെന്നും ജില്ലാ കളക്ടര്‍മാര്‍ക്ക് സകല അധികാരങ്ങളും നല്‍കിയിരിക്കുകയാണെന്നും പറഞ്ഞു. ഹിന്ദു-മുസ്ലീം ഐക്യം തകര്‍ക്കാനാണ് ശ്രമമെന്നും ഇന്ത്യയുടെ ഐക്യം തകര്‍ക്കുന്ന ബില്ലെന്നും സി.പി.എം നേതാവ് കെ. രാധാകൃഷണന് കുറ്റപ്പെടുത്തി. ഒരു ചര്‍ച്ചയും നടത്താതെയാണ് ബില്‍ കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. മതേതരമൂല്യങ്ങള്‍ക്ക് വിരുദ്ധമാണ് ബില്ലെന്ന് കോണ്‍ഗ്രസ് എം.പി പ്രേമചന്ദ്രനും വിമര്‍ശിച്ചു. വഖഫ് മതപരമായ ചട്ടക്കൂടില്‍ നില്ക്കുന്ന സ്ഥാപനമാണ്. ബില്‍ മതത്തില്‍ കടന്നു കയറുകയാണ്. വഖഫ് ബോര്‍ഡിനെ തകര്‍ക്കുന്ന നടപടിയാണിത്. നിയമപരമായ പരിശോധനക്ക് നീങ്ങിയാല്‍ ഈ ബില്ല് തള്ളപ്പെടും. ബില്ലുമായി മുന്പോട്ട് പോകണമെന്നുണ്ടെങ്കില്‍ ചര്‍ച്ചകള്‍ നടക്കണം, സൂക്ഷ്മ പരിശോധനകള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.


ബില്ല് മുസ്ലീംങ്ങളോടുള്ള വിവേചനമാണെന്ന് വിമര്‍ശിച്ചായിരുന്നു സമാജ് വാദി പാര്‍ട്ടി രംഗത്ത് വന്നത്. മുസ്ലീംങ്ങളുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റമാണ് ബില്ലെന്ന് അസദുദ്ദീന്‍ ഒവൈസി വിമര്‍ശിച്ചു. ഇസ്ലാം വിശ്വാസം പിന്തുടരാത്തവരെ എങ്ങനെ ബോര്‍ഡുകളില്‍ ഉള്‍പ്പെടുത്താനാവുമെന്നും അദ്ദേഹം ചോദിച്ചു. ബില്‍ വിശദമായ പരിശോധനക്ക് വിധേയമാക്കണമെന്ന് എന്‍.ഡി.എ സഖ്യകക്ഷിയായ എല്‍.ജെ..പി ആവശ്യപ്പെട്ടു. അതേസമയം, ബില്ലിനെതിരെ വലിയ പ്രചാരണം നടക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. ബില്‍ ഇതിനോടകം തന്നെ വിതരണം ചെയ്തതാണെന്നും പൊതുമധ്യത്തില്‍ ബില്ലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

