

തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിയെ പിടികൂടാന്‍ തമിഴ്‌നാട് പോലീസിന് സഹായമേകി വിഴിഞ്ഞം തീര സംരക്ഷണസേന. പോക്‌സോ കേസ് നിയമ പ്രകാരം പ്രതിയായ വിന്‍സെന്‍ എന്നയാള്‍ ഫാത്തിമമാത എന്ന തമിഴ്നാട് രജിസ്ട്രേഷന്‍ മത്സ്യബന്ധന ബോട്ടില്‍ രക്ഷപ്പെട്ട് ഒളിവില്‍പ്പോയത് സംബന്ധിച്ച് തമിഴ്‌നാട് കുളച്ചല്‍ പോലീസില്‍ നിന്ന് വിഴിഞ്ഞം തീരസംരക്ഷണ സേനക്ക് ഇന്നലെ വിവരം ലഭിച്ചിരുന്നു. തമിഴ്നാട് ക്രൈംബ്രാഞ്ച് വിഴിഞ്ഞം കോസ്റ്റല്‍ പോലീസ് മുഖേന എഫ്.ബി.ഫാത്തിമമാത എന്ന ബോട്ടിനെ കണ്ടുപിടിക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.





ഇതേതുടര്‍ന്ന് വിഴിഞ്ഞം കോസ്റ്റ് ഗാര്‍ഡ് കടലില്‍ പതിവ് പെട്രോളിംഗ് നടത്തുകയായിരുന്ന കോസ്റ്റ് ഗാര്‍ഡ് കപ്പലായ അനഗിനെ വഴി തിരിച്ചു വിടുകയും വിഴിഞ്ഞത്തിന് പടിഞ്ഞാറ് തീരത്തു വച്ച് ഫാത്തിമമാതാ എന്ന മത്സ്യബന്ധന ബോട്ടിനെ തിരിച്ചറിഞ്ഞു പിടികൂടുകയും ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി ബോട്ടും ബോട്ടിലുണ്ടായിരുന്ന 19 ജീവനക്കാരെയും കോസ്റ്റല്‍ പോലീസിന് കൈമാറി.




