Breaking News

മുതിർന്ന മാധ്യമ പ്രവർത്തകൻ ഡി. ശിവദാസ് നിര്യാതനായി

കടയ്ക്കാവൂർ: ദീർഘകാലം കേരള കൗമുദിയുടെ കടയ്ക്കാവൂർ ലേഖകനായി പ്രവർത്തിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ ഡി. ശിവദാസ് (90) നിര്യാതനായി. അഞ്ചുതെങ്ങ് നെടുങ്ങണ്ട സ്വദേശിയാണ്. കഴിഞ്ഞ രണ്ട് മാസമായി വാർദ്ധക്യസഹജമായ അവശതകളെ തുടർന്ന് വിശ്രമത്തിലായിരുന്നു. അതിന് തൊട്ടുമുമ്പുവരെയും സജീവമായി വാർത്താരംഗത്ത് പ്രവർത്തിച്ചിരുന്നു.

പ്രായപൂർത്തിയായ കാലം മുതൽ കേരള കൗമുദി പത്രത്തിന്റെ ഏജൻസി കൈകാര്യം ചെയ്തിരുന്ന ശിവദാസ്, വാർത്താ ശേഖരണത്തിലും പരസ്യരംഗത്തും ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ചു. പ്രാദേശിക വിഷയങ്ങളും ജനകീയ പ്രശ്നങ്ങളും വാർത്തകളിലൂടെ പൊതുസമൂഹത്തിന്റെ ശ്രദ്ധയിലെത്തിക്കുന്നതിൽ സജീവ സാന്നിധ്യമായിരുന്നു.

ഇരുപത് വർഷത്തോളമായി കേരള കൗമുദിയുടെ കടയ്ക്കാവൂർ ബ്യൂറോ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. ദീർഘകാലത്തെ മാധ്യമ പ്രവർത്തനത്തിലൂടെ കടയ്ക്കാവൂരിലെയും സമീപ പ്രദേശങ്ങളിലെയും സാമൂഹിക, സാംസ്കാരിക രംഗങ്ങളുമായി അടുത്ത ബന്ധം പുലർത്തി.

കുമാരനാശാൻ സ്മാരകത്തിന്റെയും വിവിധ സാംസ്കാരിക സംഘടനകളുടെയും പ്രവർത്തനങ്ങളിൽ സഹകരിച്ചിരുന്ന അദ്ദേഹം വിവിധ മേഖലകളിലുള്ളവരുമായി ഊഷ്മളമായ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു.

ഭാര്യ: രത്നമ്മ. മക്കൾ: പരേതയായ അനിത, അജിത, അജികുമാർ, അർച്ചന. മരുമക്കൾ: ശിവകുമാർ, സുരേഷ് ബാബു, മണി, അഭില.

Related posts

Leave a Reply

Your email address will not be published. Required fields are marked *