

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി (സി.എ.എ)ക്കെതിരായ പ്രതിഷേധങ്ങളെ മുഖ്യമന്ത്രി രാഷ്ട്രീയ ചൂഷണത്തിന് ഉപയോഗിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. മുഖ്യമന്ത്രി നീങ്ങുന്നത് മുസ്ലിം വോട്ട് ബാങ്ക് ലക്ഷ്യം വച്ചാണെന്നും ഒരു ആത്മാര്‍ത്ഥതയും ഇല്ലാത്ത ആളാണ് പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സി.എ.എ വിരുദ്ധ പ്രതിഷേധത്തില്‍ ഭൂരിഭാഗം കേസുകളും പിന്‍വലിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതികള്‍ ചര്‍ച്ചയാവാതിരിക്കാനാണ് മുഖ്യമന്ത്രി എല്ലാ ദിവസവും പൗരത്വം പൗരത്വം എന്നുപറഞ്ഞ് രംഗത്തുവരുന്നത്.


മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയില്‍ 12 സ്ഥാപനങ്ങള്‍ പണം നിക്ഷേപിച്ചിട്ടുണ്ട്. നികുതി വെട്ടിപ്പ് ലക്ഷ്യം വച്ചാണ് മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനത്തില്‍ മറ്റ് കമ്പനികള്‍ പണം നിക്ഷേപിച്ചത്. മുഖ്യമന്ത്രി ഇതിനെല്ലാം മറുപടി പറയണമെന്നും വി.ഡി.സതീശന് ആവശ്യപ്പെട്ടു. യു.ഡി.എഫ് എംപിമാര്‍ സി.എ.എക്കെതിരെ പാര്‍ലമെന്റില്‍ സംസാരിച്ചതിന് തെളിവുണ്ട്. എന്നിട്ടും മുഖ്യമന്ത്രി പച്ചക്കള്ളം പറയുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി ദേശാഭിമാനി പത്രം മാത്രം വായിക്കുന്നത് കൊണ്ടാണ് പലതും അറിയാത്തതെന്നും വി.ഡി.സതീശന് പരിഹസിച്ചു. വയനാട്ടില്‍ കെ സുരേന്ദ്രന് മത്സരിക്കുന്നത് അവരുടെ പാര്‍ട്ടിയുടെ തീരുമാനമാണെന്നും കെ.സുരേന്ദ്രന് പേമെന്റ് വിസയുമായി നടന്നിട്ട് കേരളത്തില്‍ എവിടെയും ഇതുവരെ ജയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് പാര്‍ട്ടിയെന്ന് വി.ഡി.സതീശന് പറഞ്ഞു. ട്രെയിന്‍ ടിക്കറ്റ് എടുക്കാന്‍ പോലും പണമില്ലാത്ത സ്ഥിതിയാണ്. പ്രചരണ രംഗത്തിറങ്ങുന്ന പ്രവര്‍ത്തകര്‍ക്ക് നാരങ്ങ വെള്ളം കുടിക്കാന്‍ പോലും പണമില്ല. ജനങ്ങള്‍ സഹായിക്കും എന്നാണ് പ്രതീക്ഷ. പ്രതിസന്ധി കൂടിയാല്‍ ക്രൗഡ് ഫണ്ടിങിലേക്ക് പോകും. വോട്ടും പണവും ജനങ്ങള്‍ തന്ന് കോണ്‍ഗ്രസിനെ സഹായിക്കും. പി.ആര്.ഡി 12 കോടി മുടക്കി ഇറക്കിയ റിലീസാണ് മുഖ്യമന്ത്രിയുടെ പേരില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാറിന്റെ പണം എടുത്ത് തെരഞ്ഞെടുപ്പ് പ്രചരണം നടത്താന്‍ എല്‍.ഡി.എഫിന് നാണമുണ്ടോയെന്ന് ചോദിച്ച അദ്ദേഹം ബി.ജെ.പിയും സി.പി.എമ്മും ചട്ടങ്ങള്‍ ലംഘിച്ചാണ് പ്രചാരണം നടത്തുന്നതെന്നും ആരോപിച്ചു. എ.കെ.ജി സെന്ററിലെ പണം ഉപയോഗിച്ച് വേണം അന്തസ്സോടെ രാഷ്ട്രീയ പ്രചാരണം നടത്താനെന്നും അദ്ദേഹം പറഞ്ഞു.


