
വർക്കല: നഗരസഭയുടെ 2022-23 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് വോട്ടിനിട്ട് പാസാക്കി. എൽ.ഡി.എഫ്. നേതൃത്വത്തിലുള്ള ഭരണസമിതി 14 വോട്ടുനേടിയാണ് ബജറ്റ് പാസാക്കിയത്. ബി.ജെ.പി.യുടെ 10 അംഗങ്ങൾ എതിർത്ത് വോട്ടുചെയ്തു. കോൺഗ്രസിന്റെ ഏഴ് അംഗങ്ങളും സ്വതന്ത്ര അംഗം ആമിനാ അലിയാരും വോട്ടെടുപ്പ് ബഹിഷ്കരിച്ചു. സ്വതന്ത്ര അംഗങ്ങളായ വൈസ് ചെയർപേഴ്സൺ കുമാരി സുദർശിനിയും ശ്രേയസും ഭരണസമിതിയെ പിന്തുണച്ചു. ബജറ്റിൽ ജനക്ഷേമപദ്ധതികളൊന്നുമില്ലെന്ന് ആരോപിച്ച് ബി.ജെ.പി. അംഗങ്ങൾ നഗരസഭാ ഓഫീസിന് മുന്നിൽ ബജറ്റ് പുസ്തകം കത്തിച്ച് പ്രതിഷേധിച്ചു.
തട്ടിക്കൂട്ട് ബജറ്റെന്ന് ബി.ജെ.പി., കോൺഗ്രസ്
നഗരസഭയിൽ അവതരിപ്പിച്ചത് തട്ടിക്കൂട്ട് ബജറ്റാണെന്നും ജനപ്രിയ പദ്ധതികളൊന്നുമില്ലെന്നും വ്യാഴാഴ്ച നടന്ന ചർച്ചയിൽ ബി.ജെ.പി., കോൺഗ്രസ് അംഗങ്ങൾ ആരോപിച്ചു. തെരുവുവിളക്കുകളുടെ പരിപാലനത്തിനും താലൂക്കാശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനും ആവശ്യമായ തുക ഉൾക്കൊള്ളിച്ചില്ലെന്ന് ബി.ജെ.പി. പാർലമെന്ററി പാർട്ടി നേതാവ് ആർ.അനിൽകുമാർ, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ വിജി ആർ.വി. എന്നിവരുടെ നേതൃത്വത്തിൽ ബി.ജെ.പി. കൗൺസിലർമാർ ആരോപിച്ചു. തെരുവുനായകളുടെ വന്ധ്യംകരണത്തിന് ഓപ്പറേഷൻ തിേയറ്റർ ഉൾപ്പെടെയുള്ളവയ്ക്ക് സൗകര്യമൊരുക്കുന്നതിന് യാതൊരു ഫണ്ടും മാറ്റിവച്ചിട്ടില്ലെന്നും ആരോപിച്ചു.
അഭിമാനപദ്ധതിയായി അവതരിപ്പിച്ച ഭവനപദ്ധതിയിൽ 20 ശതമാനം മാത്രമാണ് പൂർത്തിയാക്കാനായതെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് പി.എം.ബഷീർ ആരോപിച്ചു. പ്ലാൻഫണ്ടിൽനിന്നു 60 ശതമാനം വെട്ടിക്കുറച്ച് സിൽവർ ലൈൻ പദ്ധതിക്ക് കൊണ്ടുപോകുകയാണ്. നഗരസഭയിലെ നിലാവ് പദ്ധതി തന്നത് ഇരുട്ടാണെന്നും അദ്ദേഹം പറഞ്ഞു. പുന്നമൂട് മാർക്കറ്റ്, ടൗൺഹാൾ, ബസ് സ്റ്റാൻഡ് എന്നിവയ്ക്കായി എല്ലാ ബജറ്റിലും കോടികൾ വകയിരുത്താറുണ്ടെങ്കിലും ഒരു പ്രയോജനവുമുണ്ടാകുന്നില്ലെന്ന് കോൺഗ്രസ് കൗൺസിലർ എൻ.അശോകൻ ആരോപിച്ചു.
ആശങ്കകൾ ദൂരീകരിക്കുമെന്ന് ചെയർമാൻ

അംഗങ്ങൾ ഉന്നയിച്ച ആശങ്കകൾ ദൂരീകരിക്കുമെന്ന് ചെയർമാൻ കെ.എം.ലാജി മറുപടി പ്രസംഗത്തിൽ പറഞ്ഞു. നിലാവ് പദ്ധതിയെക്കുറിച്ചുള്ള ആരോപണം ശരിയല്ലെന്നും 2360 ലൈറ്റുകൾ കത്തിച്ചതായും പറഞ്ഞു. ശ്മശാനത്തിന്റെ ഡി.പി.ആർ. ആയി. നവീകരണം പൂർത്തിയാക്കി ടൗൺഹാൾ ഓഗസ്റ്റിൽ പ്രവർത്തനം തുടങ്ങുമെന്നും ചെയർമാൻ അറിയിച്ചു.
മറുപടി പ്രസംഗത്തിന് ശേഷമാണ് ബി.ജെ.പി. അംഗങ്ങൾ വോട്ടെടുപ്പ് ആവശ്യപ്പെട്ടത്. ബജറ്റ് പാസാക്കുന്നതിനായി എൽ.ഡി.എഫുമായി കോൺഗ്രസ് അംഗങ്ങൾ നടത്തിയ നാടകമായിരുന്നു അവരുടെ ഇറങ്ങിപ്പോക്കെന്ന് ബി.ജെ.പി. ആരോപിച്ചു.