

വർക്കല: വർക്കല മണ്ഡലത്തിലെ വിദ്യാഭ്യാസ മികവുകൾ ആഘോഷിക്കുന്ന ‘വിദ്യാദിശാ വർക്കല മണ്ഡലം’ എന്ന പേരിൽ സംഘടിപ്പിച്ച മികവുത്സവം വർക്കല ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഉജ്ജ്വലമായ തുടക്കമായി.
മികവുത്സവം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വർക്കല എം.എൽ.എ വി. ജോയി അധ്യക്ഷനായി. കെ.എസ്.ടി.എ സംസ്ഥാന എക്സിക്യുട്ടീവ് അംഗം സിജോവ് സത്യൻ സ്വാഗതം പറഞ്ഞു.

പ്രാദേശിക ഭരണ-സ്വകാര്യ-ബൗദ്ധിക രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ സാന്നിധ്യം നിർവഹിച്ചു. വർക്കല നഗരസഭ ചെയർമാൻ കെ.എം. ലാജി, ജില്ലാ പഞ്ചായത്തംഗങ്ങളായ ബേബി സുധ, വി. പ്രിയദർശിനി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബിജു കുമാർ, ആർ. സൂര്യ, കേരള ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടർ അഡ്വ. എസ്. ഷാജഹാൻ, മുൻ വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. യൂസഫ്, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മാരായ വി. നിതിൻ നായർ, സി. അജയകുമാർ, സ്കൂൾ പി.ടി.എ പ്രസിഡന്റ് അഡ്വ. ബി.എസ്. ജോസ്, എൽ.എസ്. സുനിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

മികവുത്സവം വിദ്യാഭ്യാസ രംഗത്തെ വിവിധ നിലകളിലെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനും, അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ആശയങ്ങൾ, ശ്രമങ്ങൾ, വിജയങ്ങൾ പങ്കുവെക്കുന്നതിനും മികച്ച വേദിയായി മാറുകയായിരുന്നു.

