Breaking News

വർക്കലയിൽ ഡി.വൈ.എഫ്.ഐ.- ബി.ജെ.പി. സംഘർഷം

അടിസ്ഥാന രഹിതമായ ഗുരുതര ആരോപണങ്ങൾ വിവി രാജേഷ് ഉന്നയിച്ചപ്പോൾ ,അതിനെ ചോദ്യം ചെയ്ത മാധ്യമ പ്രവർത്തകർക്കു നേരെ രാജേഷ് ആക്രോശിച്ചു.

വർക്കല : വർക്കലയിൽ ഡി.വൈ.എഫ്.ഐ.യും ബി.ജെ.പി.യും നടത്തിയ പ്രകടനത്തിനിടെ സംഘർഷം. പ്രവർത്തകർ തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളും കൈയേറ്റവുമുണ്ടായി. ഇരുവിഭാഗങ്ങളും പോർവിളിയുമായി നിലയുറപ്പിച്ചതോടെ ഏറെനേരം വർക്കല ടൗണിൽ സംഘർഷാവസ്ഥയുണ്ടായി. വനിതാ കൗൺസിലർ മാരെയടക്കം ഡി.വൈ.എഫ്.ഐ. പ്രവർത്തകർ മർദിച്ചുവെന്ന് ആരോപിച്ച് ബി.ജെ.പി. പ്രവർത്തകർ റോഡ് ഉപരോധിച്ചു. വർക്കല ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ കൂടുതൽ പോലീസെത്തിയാണ് സംഘർഷാവസ്ഥ ഒഴിവാക്കിയത്. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം.

പി.സി.ജോർജിനും മറ്റുമെതിരേ ഡി.വൈ.എഫ്.ഐ. പ്രവർത്തകരും മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധവുമായി ബി.ജെ.പി. പ്രവർത്തകരും വർക്കല ടൗണിൽ നടത്തിയ പ്രകടനങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്. ആദ്യം ഡി.വൈ.എഫ്.ഐ. പ്രവർത്തകരാണ് പന്തംകൊളുത്തി പ്രകടനം നടത്തിയത്. ഇവർ നഗരംചുറ്റി കടന്നുപോയപ്പോൾ മുഖ്യമന്ത്രിയുടെ കോലം കത്തിക്കുന്നതിനായി ബി.ജെ.പി. പ്രവർത്തകരും പ്രകടനം ആരംഭിച്ചു. വർക്കല മൈതാനം പെട്രോൾ പമ്പിന് മുന്നിലൂടെ ബി.ജെ.പി. പ്രകടനം നീങ്ങിയപ്പോൾ ഡി.വൈ.എഫ്.ഐ. പ്രവർത്തകരും ഇവർക്കൊപ്പമെത്തി. ഇതോടെ പരസ്പരം മുദ്രാവാക്യം വിളിക്കുകയും സംഘർമുണ്ടാകുകയുമായിരുന്നു.

ഈസമയം രണ്ട് പോലീസുകാർ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ ഇവർക്ക് കഴിയുമായിരുന്നില്ല. തുടർന്ന് ഇരുവിഭാഗവും പോർവിളികളുമായി നേർക്കുനേർനിന്നു. തങ്ങളെ മർദിച്ച ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്കെതിരേ കേസെടുക്കണ മെന്നാവശ്യപ്പെട്ട് ബി.ജെ.പി. പ്രവർത്തകർ റോഡ് ഉപരോധിച്ചു. തുടർന്ന് കൂടുതൽ പോലീസ് സ്ഥലത്തെത്തിയാണ് ഇരുവിഭാഗം പ്രവർത്തകരെയും നിയന്ത്രിച്ചത്.

ഇരുപാർട്ടിക്കാരും പ്രകടനം നടത്തുന്നതുമായി ബന്ധപ്പെട്ടു പോലീസിൽ നിന്നും അനുവാദം വാങ്ങിയിരുന്നില്ലായെന്ന് വർക്കല ഡി വൈ എസ പി നിയാസ് പറഞ്ഞു. പോലീസിന്റെ അവസരോചിതമായ ഇടപെടലാണ് വൻ സംഘർഷം ഒഴിവാകാൻ കാരണം.

മൂന്ന് ബി ജെ പി പ്രവർത്തകരും ,രണ്ട് ഡി വൈ എഫ് ഐ പ്രവർത്തകരും താലൂക്കാശുപത്രിയിൽ ചികിത്സ തേടി.

ബി ജെ പി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് സ്ഥലത്തെത്തി പ്രവർത്തകരോട് സംസാരിച്ചു.ബി ജെ പി കൗൺസിലർ മാരെയും പ്രവർത്തകരെയും മർദിച്ച ഡി വൈ എഫ് ഐ പ്രവർത്തകർ ക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ,ശനിയാഴ്ച വി .ജോയി എം എൽ എ യുടെ ഓഫീസിലേക്ക് ശക്തമായ പ്രതിക്ഷേധ മാർച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബി ജെ പി യുടെ വനിതാ കൗൺസിലറെ ജാതിപ്പേരുവിളിച്ചാക്ഷേപി ക്കുകയും ,ദേഹോപദ്രവം ഏൽപ്പിക്കുന്നതും വർക്കലയിലെ പോലീസ് മേധാവികൾ നോക്കിനിൽക്കുകയായിരുന്നുവെന്നുള്ള അടിസ്ഥാന രഹിതമായ ഗുരുതര ആരോപണങ്ങൾ വിവി രാജേഷ് ഉന്നയിച്ചപ്പോൾ ,അതിനെ ചോദ്യം ചെയ്ത മാധ്യമ പ്രവർത്തകർക്കു നേരെ രാജേഷ് ആക്രോശിച്ചു. അതോടെ ഭീഷണിയുമായി ബി ജെ പി പ്രവർത്തകരും മാധ്യമങ്ങൾക്കുനേരെ തിരിഞ്ഞു. പോലീസ് ഇടപെട്ടു പ്രവർത്തകരെ വിരട്ടിയോടിച്ചു.

പരുക്കേറ്റ ബി ജെ പി പ്രവർത്തകരെ വി വി രാജേഷ് വർക്കല താലൂക്ക് ആശുപത്രിയിലെത്തി സന്ദർശിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *