
വർക്കല : ചെള്ളുപനി ബാധിച്ച് മരിച്ച ചെറുന്നിയൂർ സ്വദേശിനി അശ്വതിയുടെ വീട്ടിൽ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘമെത്തി പരിശോധന നടത്തി.
വീട്ടിലെ വളർത്തുമൃഗങ്ങളുടെ രക്ത സാമ്പിളുകളും മൃഗങ്ങളുടെ പുറത്തുള്ള ചെള്ളുകളും പരിശോധനയ്ക്കായി ശേഖരിച്ചു. നാല് ആടുകളുടെയും ഒരു നായയുടെയും സാമ്പിളുകളാണ് ശേഖരിച്ചത്. ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ ഡോ. നന്ദകുമാർ, വെറ്ററിനറി സർജൻ ഡോ. പ്രത്യുഷ് എന്നിവരടങ്ങുന്ന സംഘമാണ് എത്തിയത്. വർക്കല ബ്ലോക്ക് മൃഗാശുപത്രി ഡോക്ടർ രമ, ചെറുന്നിയൂർ പഞ്ചായത്ത് ആരോഗ്യ വിഭാഗം പ്രവർത്തകർ എന്നിവരും ഒപ്പമുണ്ടായിരുന്നു. അശ്വതിയുടെ കുടുംബാംഗങ്ങളായ ആറുപേരുടെയും രക്ത സാമ്പിളുകൾ പരിശോധനാഫലം നെഗറ്റീവ് ആണ്.
നേരത്തെ ഒരു നായ്‌ക്കുട്ടിക്ക് ചെള്ളുപനി സ്ഥിരീകരിച്ചിരുന്നു. പ്രദേശത്ത് ബോധവത്കരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. പഞ്ചായത്തുതലത്തിൽ ശുചീകരണവും ഊർജിതമാക്കി.
