
വര്‍ക്കല: വര്‍ക്കല നിയോജക മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.ജോയിയും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എസ്.ആര്‍.എം.അജിയും വോട്ട് രേഖപ്പെടുത്തി. അഡ്വ.വി.ജോയി പെരുങ്ങുഴി വി.പി.യു.പി.എസിലെ 156-ാം നമ്പര്‍ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എസ്.ആര്‍.എം.അജി വടശ്ശേരിക്കോണം ശ്രീനാരായണപുരം ഗവ.യു.പി സ്‌കൂളിലും വോട്ടവകാശം വിനിയോഗിച്ചു. തൊളിക്കോട് ആനപ്പെട്ടി മോഡേണ്‍ യു.പി.എസിലെ 19-ാം നമ്പര്‍ ബൂത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.ബി.ആര്‍.എം.ഷെഫീര്‍ വോട്ട് രേഖപ്പെടുത്തിയത്.

തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്ന് വോട്ടവകാശം വിനിയോഗിച്ച ശേഷം അഡ്വ.വി.ജോയി പ്രതികരിച്ചു. നെഗറ്റീവുകള്‍ ഇല്ലാത്ത സര്‍ക്കാരാണ് പിണറായി സര്‍ക്കാര്‍. ജനങ്ങളുടെ ക്ഷേമത്തിന് പ്രഥമ പരിഗണന നല്‍കിയ സര്‍ക്കാരാണ് ഇടതുപക്ഷ സര്‍ക്കാര്‍. അതുകൊണ്ടുതന്നെ ജനങ്ങള്‍ ഇടതുപക്ഷ സര്‍ക്കാരിന് തുടര്‍ ഭരണം നല്‍കും. വര്‍ക്കലയിലും എല്‍.ഡി.എഫ് തന്നെ വിജയിക്കും-അദ്ദേഹം വ്യക്തമാക്കി.

എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എസ്.ആര്‍.എം.അജിയും വിജയ പ്രതീക്ഷയിലാണ്. കേന്ദ്ര സര്‍ക്കാരിന്റെ വികസന-ക്ഷേമ പദ്ധതികളെ കുറിച്ച് ജനങ്ങള്‍ ബോധവാന്മാരാണ്. അവര്‍ മാറ്റം ആഗ്രഹിക്കുന്നു. ജനവികാരം എന്‍.ഡി.എയ്ക്ക് അനുകൂലമാണ്. മണ്ഡലത്തിലെ വിവിധ ബൂത്തുകള്‍ സന്ദര്‍ശിച്ചതില്‍നിന്നും ജനവികാരം എന്‍.ഡി.എയ്ക്ക് അനുകൂലമാണെന്നാണ് മനസിലാക്കാന്‍ സാധിച്ചത്-അദ്ദേഹം പ്രതികരിച്ചു.
രാവിലെ മുതല്‍ പോളിംഗ് ബൂത്തുകള്‍ക്ക് മുന്നില്‍ കാണുന്ന വോട്ടര്‍മാരുടെ തിരക്ക് യു.ഡി.എഫിന് അനുകൂലമാണെന്ന് അഡ്വ.ബി.ആര്‍.എം.ഷെഫീര്‍ പറഞ്ഞു. തീരദേശ മേഖലകളിലെയും തൊഴിലാളി മേഖലകളിലെയും നഗരമേഖലകളിലെയും ജനവികാരം യു.ഡി.എഫിന് അനുകൂലമാണ്. വര്‍ക്കലയില്‍ യു.ഡി.എഫ് വന്‍ വിജയം നേടുമെന്നും ബി.ആര്‍.എം.ഷെഫീര്‍ വ്യക്തമാക്കി.