Breaking News

വാഗമണ്‍ നിശാ പാര്‍ട്ടി: അന്വേഷണം മറ്റ് ജില്ലകളിലേക്ക്

ബ്രിസ്റ്റി ബിശ്വാസ്, പ്രതീകാത്മക ചിത്രം

വാഗമണ്‍: ഇടുക്കി വാഗമണിലെ നിശാ പാര്‍ട്ടിയുടെ മറവില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ച കേസിന്റെ അന്വേഷണം മറ്റ് ജില്ലകളിലേക്കും. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. ഇവിടെ ഉപയോഗിച്ചത് ലഹരി വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഏഴു തരം ലഹരി വസ്തുക്കളെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. മറ്റ് ജില്ലകളിലുള്ളവരും പാര്‍ട്ടിയില്‍ പങ്കെടുത്തിട്ടുണ്ട്. അതിനാല്‍ കേസിന്റെ അന്വേഷണം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും.
അതേസമയം, കേസില്‍ അറസ്റ്റിലായ മോഡലും നടിയുമായ ബ്രിസ്റ്റി ബിശ്വാസിന് കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി മരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് പോലീസ് പറയുന്നു. എക്സ്റ്റസി പില്‍സ്, എക്‌സറ്റസി പൗഡര്‍, ചരസ്സ്, ഹഷീഷ് എന്നീ മാരക ലഹരി വസ്തുക്കളാണ് അറസ്റ്റിലായ 9 പ്രതികളില്‍നിന്ന് പോലീസ് പിടിച്ചെടുത്തത്. ഇവരുടെ വാഹനങ്ങളിലും ബാഗുകളിലുമായിരുന്നു ലഹരി വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്.
കേസില്‍ ഒന്നാം പ്രതിയായ തൊടുപുഴ സ്വദേശി അജ്മല്‍ സക്കീറാണ് ലഹരി മരുന്നുകള്‍ നിശാ പാര്‍ട്ടികളിലേക്ക് എത്തിച്ചത്. ഇയാള്‍ക്കും രണ്ടും മൂന്നും പ്രതികളായ മെഹറിനും നബീലിനും അന്താരാഷ്ട്ര ലഹരി മരുന്ന് സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് മുമ്പും ഇവര്‍ വിവിധയിടങ്ങളില്‍ നടന്ന നിശാ പാര്‍ട്ടികളില്‍ ലഹരി മരുന്ന് വിതരണം നടത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ബ്രിസ്റ്റി ഒമ്പതാം പ്രതിയാണ്. ഇവര്‍ക്കും ലഹരി മരുന്ന് സംഘങ്ങളുമായി നേരത്തേതന്നെ ബന്ധമുണ്ടെന്നാണ് സൂചന.
നിശാ പാര്‍ട്ടിയില്‍ വിവിധ ജില്ലയില്‍ നിന്നുള്ളവര്‍ പങ്കെടുത്തതിനാല്‍ ഇവരുടെ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിച്ചു മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഇതിലൂടെ കൂടുതല്‍ ലഹരി ഇടപാടുകള്‍ക്കു തെളിവു ലഭിക്കുമെന്നാണു എക്‌സൈസിന്റെ പ്രതീക്ഷ. പുതുവര്‍ഷത്തില്‍ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കു വന്‍ തോതില്‍ ലഹരിമരുന്ന് എത്തിച്ചേരുമെന്ന സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ അതിര്‍ത്തികളില്‍ വാഹന പരിശോധന കര്‍ശനമാക്കിയത്. ജില്ലാ അതിര്‍ത്തിയിലെ വനപാതകളും എക്‌സൈസ് ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *