Breaking News

വാക്സിന്‍ വിതരണം: സംസ്ഥാനത്ത് 4 ജില്ലകളില്‍ ഡ്രൈ റണ്‍ തുടങ്ങി

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വാക്‌സിന്‍ വിതരണത്തിന്റെ മുന്നൊരുക്കമായി സംസ്ഥാനത്ത് കോവിഡ് വാക്‌സിന്റെ ഡ്രൈ റണ്‍ തുടങ്ങി. വാക്‌സിന്‍ വിതരണത്തില്‍ സംഭവിക്കാനിടയുള്ള പാകപ്പിഴകള്‍ കണ്ടെത്താനും അവ ഒഴിവാക്കിക്കൊണ്ട് വാക്‌സിന്‍ വിതരണം സുഗമമായി നടത്താനുമുള്ള ട്രയല്‍ ആണ് ഡ്രൈ റണ്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട് വയനാട് എന്നീ ജില്ലകളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്.
തിരുവനന്തപുരത്ത് തിരുവനന്തപുരത്ത് പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രി, കിംസ് ആശുപത്രി എന്നിവിടങ്ങളിലും ഇടുക്കിയില്‍ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പാലക്കാട് നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലും വയനാട് കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രത്തിലുമാണ് ഡ്രൈ റണ്‍ നടക്കുന്നത്.
ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യപ്രവര്‍ത്തകര്‍ വീതം ഡ്രൈ റണില്‍ പങ്കെടുക്കും. കുത്തിവയ്പ് ഒഴികെയുള്ള മറ്റെല്ലാ പ്രവര്‍ത്തനങ്ങളും ഡ്രൈ റണില്‍ നടക്കും. സംഭരണ കേന്ദ്രങ്ങളില്‍ നിന്ന് എത്തിച്ച വാക്സിന്‍ സ്റ്റോറേജ് മുറികളില്‍ സൂക്ഷിക്കും. അവിടെ നിന്നും വളരെ ശ്രദ്ധാപൂര്‍വ്വം പുറത്തെടുക്കുന്ന വാക്സിന്‍ സിറിഞ്ചിലേക്ക് മാറ്റുകയും പിന്നീട് കുത്തിവക്കുകയുമാണ് ചെയ്യുന്നത്.
തിരുവനന്തപുരം പേരൂര്‍ക്കടയിലെ ആശുപത്രിയില്‍ മന്ത്രി കെ.കെ ശൈലജ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കേരളം വാക്സിന്‍ വിതരണത്തിന് സജ്ജമാണെന്ന് മന്ത്രി അറിയിച്ചു. ആവശ്യമായ അളവില്‍ വേഗത്തില്‍ വാക്സിന്‍ കേരളത്തിന് ലഭ്യമാക്കുമെന്ന് കേന്ദ്രം അറിയിച്ചതായി പറഞ്ഞ മന്ത്രി രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കകം കോവിഡ് വാക്‌സിന്‍ എത്തുമെന്ന് അറിയിപ്പ് ലഭിച്ചതായും കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *