Breaking News

സി.പി.എമ്മിന്റെ കോട്ടകള്‍ തകര്‍ക്കാന്‍ ബി.ജെ.പിക്ക് സാധിക്കും; വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് വി.മുരളീധരന്‍

ആറ്റിങ്ങല്‍: തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ സി.പി.എമ്മിനെതിരെ ബി.ജെ.പി നേതാവ് വി.മുരളീധരന്‍ രംഗത്ത്. സി.പി.എമ്മിന്റെ കോട്ടകള്‍ തകര്‍ക്കാന്‍ ബി.ജെ.പിക്ക് സാധിക്കുമെന്നത് ആറ്റിങ്ങലിലെ തെരഞ്ഞെടുപ്പ് ഫലം കാണിച്ചുതന്നെന്നായിരുന്നു വി.മുരളീധരന്റെ പ്രതികരണം. സി.പി.എം-കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടിന് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ ആറ്റിങ്ങലില്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയും അഹന്തയും നിറഞ്ഞ പിണറായി ഭരണത്തിനുള്ള അടികൂടിയാണ് ആറ്റിങ്ങലിലെ പ്രബുദ്ധരായ മനുഷ്യര്‍ നല്‍കിയത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനപ്രിയപദ്ധതികള്‍ ആറ്റിങ്ങലിലെ സാധാരണക്കാരെ മാറ്റി ചിന്തിപ്പിച്ചു-വി.മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

പ്രതീക്ഷിച്ചതിലും വലിയ സ്‌നേഹമാണ് ആറ്റിങ്ങല്‍ നല്‍കിയതെന്ന് പറഞ്ഞ വി.മുരളീധരന്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് നന്ദിയും രേഖപ്പെടുത്തി. മണ്ഡലത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് വി.മുരളീധരനിലൂടെ ബി.ജെ.പിയും എന്‍.ഡി.എ മുന്നണിയും നേടിയത്. തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായെങ്കിലും 3,11,779 വോട്ടുകള്‍ നേടാന്‍ വി.മുരളീധരന് സാധിച്ചു. അവസാന നിമിഷംവരെ ലീഡ് മാറിമറിഞ്ഞ മത്സരത്തില്‍ ഒടുവില്‍ വിജയം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിനൊപ്പം നിന്നു. 684 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അടൂര്‍ പ്രകാശ് ജയിച്ചുകയറിയത്. രണ്ടാം സ്ഥാനത്തെത്തിയ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.വി.ജോയി 3,27,367 വോട്ടുകള്‍ നേടി.

Related posts

Leave a Reply

Your email address will not be published. Required fields are marked *