Breaking News

പിണറായിക്ക് 1,500 ഏക്കറോളം ഭൂമിയെന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് വി.ഡി.സതീശന്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ 1,500 ഏക്കറോളം സ്ഥലം തമിഴ്‌നാട്ടിലും കേരളത്തിലുമായി സ്വന്തമാക്കിയെന്ന മാധ്യമ പ്രവര്‍ത്തകയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ബംഗളൂരുവിലെ മാധ്യമപ്രവര്‍ത്തക സന്ധ്യാ രവിശങ്കറാണ് ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ പിണറായിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ആരോപണം തെറ്റാണെങ്കില്‍ മാനനഷ്ടക്കേസ് നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘2018-ല്‍ കേരളത്തില്‍ നെല്‍വയല്‍ നികത്തല്‍ നിയമത്തില്‍ ഭേദഗതി വരുത്തിയിരുന്നു. ഇങ്ങനെ ചെയ്തത് ഈ സ്ഥലത്തെ മാറ്റുന്നതിന് വേണ്ടിയാണ് എന്ന ആരോപണം നേരത്തെതന്നെ ഉണ്ടായിരുന്നു. പ്രതിപക്ഷം നിയമസഭയില്‍ ഇതിനെതിരേ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. വെളിപ്പെടുത്തലില്‍ അന്വേഷണം വേണം. തെറ്റാണെങ്കില്‍ മാനനഷ്ടക്കേസ് നല്‍കണം’, സതീശന്‍ ആവശ്യപ്പെട്ടു.

വെളിപ്പെടുത്തലുകള്‍ ധാരളമായി പുറത്തുവരുന്നുണ്ടെന്ന് പറഞ്ഞ വി.ഡി.സതീശന്‍ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിനാണോ, മോന്‍സണ്‍ മാവുങ്കലിന്റെ പഴയ ഡ്രൈവറിന്റെ വെളിപ്പെടുത്തലിനാണോ, ദേശാഭിമാനി പഴയ പത്രാധിപ സമിതിയംഗമായ ശക്തിധരന്റെ വെളിപ്പെടുത്തലിനാണോ, അതോ സുധാകരന്‍ പുറത്താക്കിയ ഡ്രൈവറുടെ വെളിപ്പെടുത്തലിലാണോ വിശ്വാസ്യതയെന്നും ചോദിച്ചു. കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കെതിരായി ആരെങ്കിലും പറഞ്ഞാല്‍ എഴുതി വാങ്ങി കേസെടുക്കുകയും പ്രധാനപ്പെട്ട ആളുകള്‍ മുഖ്യമന്ത്രിക്കെതിരേ ഗുരുതര വെളിപ്പെടുത്തല്‍ നടത്തുമ്പോള്‍ നിശ്ശബ്ദരായിരിക്കുകയും ചെയ്യുന്നത് കാട്ടുനീതിയാണെന്നും ആരോപിച്ചു.

പ്രതിപക്ഷ നേതാക്കളെ കേസില്‍പ്പെടുത്തി, മുഖ്യമന്ത്രിക്കെതിരായി ഉയര്‍ന്നുവന്ന അഞ്ച് ഗുരുതരമായ ആരോപണങ്ങളില്‍ നിന്ന് രക്ഷനേടാന്‍ വേണ്ടിയുള്ള ഈ ശ്രമത്തെ രാഷ്ട്രീയമായും നിയമപരമായു ചെറുത്തുതോല്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് കഴിഞ്ഞ ദിവസം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞിരുന്നു. ഇതോടെ, ഭരണപക്ഷ-പ്രതിപക്ഷ രാഷ്ട്രീയ പോര് കടുക്കുമെന്നാണ് സൂചന.

Related posts

Leave a Reply

Your email address will not be published. Required fields are marked *