

വര്‍ക്കല: ദേശീയപാതാ വികസനത്തിന്റെ പേരില്‍ ജനങ്ങളുടെ സുഗമമായ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നത് അനീതിയാണെന്ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം ഗീതാ നസീര്‍ അഭിപ്രായപ്പെട്ടു. അധ:സ്ഥിതര്‍ക്ക് വഴി നടക്കാന്‍ അവകാശം നേടിക്കൊടുത്ത ശ്രീനാരായണ ഗുരുവിന്റെ സമാധിസ്ഥാനമായ ശിവഗിരിയിലേക്ക് ഉള്‍പ്പെടെ പോകാനുള്ള സുഗമമായ പാതയാണ് ദേശീയ വികസനത്തിന്റെ പേരില്‍ കെട്ടിയടക്കുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി.

മുക്കടയില്‍ നടന്നുവരുന്ന റോഡ് സംരക്ഷണ സമിതിയുടെ അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സില്‍ വര്‍ക്കല മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ശിവഗിരിയിലേക്കുള്ള പാത കെട്ടിയടയ്ക്കുന്നത് വഴിനടക്കാനുള്ള അവകാശം നിഷേധിക്കലാണെന്നും മുക്കടയില്‍ അടിപ്പാത നിര്‍മ്മിക്കുന്നതിനായി ബന്ധപ്പെട്ട അധികൃതരും ജനപ്രതിനിധികളും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നും ഗീതാ നസീര്‍ ആവശ്യപ്പെട്ടു.

ഡോ.അജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. സര്‍വ്വീസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി മുത്താന സുധാകരന് സ്വാഗതം പറഞ്ഞു. നാസര്‍ മുത്താന, ശശിധരന് നായര്‍ , മുരുക മൂര്‍ത്തി, അനില്‍ ഗോവിന്ദ്, ജി.സദാനന്ദന് , കെ.കെ. ഭാസ്കരന്, തട്ടാമല രാജന് എന്നിവര്‍ സംസാരിച്ചു.
