
ന്യൂഡല്‍ഹി: യു.എസ്.കാപ്പിറ്റോള്‍ മന്ദിരത്തില്‍ നടന്ന കലാപത്തെ തള്ളിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. നിയമവിരുദ്ധ പ്രതിഷേധങ്ങളിലൂടെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് അനുവദിക്കാനാവില്ലെന്നാണ് മോദി ട്വിറ്ററില്‍ കുറിച്ചത്. ട്രംപ് അനുകൂലികള്‍ വാഷിങ്ടണില്‍ നടത്തിയ അക്രമങ്ങളെയും മോദി അപലപിച്ചു.
അമേരിക്കയുടെ മാന്യതയെപ്പോലും ലോകരാജ്യങ്ങള്‍ ചോദ്യംചെയ്യും വിധമാണ് ട്രംപ് അനുകൂലികള്‍ യുഎസ് കാപ്പിറ്റോള്‍ കെട്ടിടത്തില്‍ അതിക്രമിച്ചു കടന്ന് കലാപം അഴിച്ചുവിട്ടത്. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരുസഭകളും സമ്മേളിക്കുന്നതിനിടെയാണു അക്രമാസക്തരായ ആയിരക്കണക്കിനു ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിലെ സുരക്ഷാവലയം ഭേദിച്ച് അകത്തുകടന്നത്.
കലാപത്തില്‍ കാപ്പിറ്റോള്‍ മന്ദിരത്തിനുള്ളില്‍ ഒരു സ്ത്രി വെടിയേറ്റു മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. പരുക്കേറ്റ അഞ്ച് പേരെ ആശുപത്രിയിലേക്കു മാറ്റി. കാപ്പിറ്റോള്‍ മന്ദിരത്തിനു സമീപത്തു നിന്ന് സ്ഫോടകവസ്തു കണ്ടെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. കണ്ണീര്‍ വാതകം പ്രയോഗിച്ചാണ് പോലീസ് പാര്‍ലമെന്റിലേക്ക് അതിക്രമിച്ചു കടന്നവരെ ഒഴിപ്പിച്ചത്.