Breaking News

യു.സി.സി: പിന്തുണയ്ക്കാന്‍ ഉദ്ദവ്, മൗനം പാലിച്ച് പവാര്‍, പ്രതിപക്ഷ ഐക്യത്തില്‍ കല്ലുകടി

ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡില്‍(യു.സി.സി) തട്ടി പ്രതിപക്ഷ ഐക്യത്തില്‍ വിള്ളല്‍. ആം ആദ്മി പാര്‍ട്ടിക്ക് പിന്നാലെ ഏകീകൃത സിവില്‍ കോഡിനെ രാജ്യസഭയില്‍ പിന്തുണയ്ക്കാന്‍ ഉദ്ദവ് താക്കറെ വിഭാഗം ശിവസേനയും തയാറാകുമെന്ന് സൂചന. ഏക സിവില്‍ കോഡിനെ അംഗീകരിക്കുന്ന നിലപാടാണ് ശിവസനേയുടേതെങ്കിലും കരട് നിയമം അവതരിപ്പിച്ചാല്‍ മാത്രമേ അന്തിമതീരുമാനം എടുക്കൂവെന്ന് കഴിഞ്ഞ ദിവസം പാര്‍ട്ടി വക്താവ് സഞ്ജയ് റാവുത്ത് വ്യക്തമാക്കിയിരുന്നു. ബില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ പാര്‍ട്ടി അതിനെ പിന്തുണയ്ക്കുമെന്ന് ശിവസേന നേതാവ് ആനന്ദ് ദുബെയും പ്രതികരിച്ചു. ഒരു ദേശീയ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രതിപക്ഷ സഖ്യത്തിലുള്ള എന്‍.സി.പിയും യു.സി.സിയെ പിന്തുണയ്ക്കുമെന്ന സൂചനയാണ് നല്‍കുന്നത്. ഇപ്പോള്‍ യു.സി.സിയെ കുറിച്ച് അഭിപ്രായ പ്രകടനങ്ങള്‍ക്ക് മുതിരേണ്ടെന്നാണ് നേതാക്കള്‍ക്ക് പാര്‍ട്ടി നല്‍കിയ നിര്‍ദേശം. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് പവാര്‍ ഇക്കാര്യം പറഞ്ഞത്. യു.സി.സി ഏത് രീതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത് എന്ന് വിലയിരുത്തിയ ശേഷം പ്രതികരിക്കാമെന്നാണ് പവാര്‍ പാര്‍ട്ടി നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശം. പ്രതിപക്ഷ നിരയിലുള്ള പാര്‍ട്ടികള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത കാര്യമായിത്തന്നെ നിലനില്‍ക്കുന്നു എന്നതിന്റെ സൂചനയായാണ് ആം ആദ്മി, ഉദ്ദവ് വിഭാഗം ശിവസേന, എന്‍.സി.പി എന്നീ പാര്‍ട്ടികളുടെ പ്രതികരണങ്ങള്‍ കണക്കാക്കപ്പെടുന്നത്.

അതേസമയം, ബി.ജെ.പിക്ക് ഇത് ശുഭപ്രതീക്ഷയാണ് നല്‍കുന്നത്. ലോക്‌സഭയില്‍ യു.സി.സി ബില്‍ പാസ്സാക്കിയെടുക്കാന്‍ ബി.ജെ.പിക്ക് നിഷ്പ്രയാസം സാധിക്കുമെങ്കിലും രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തത് ബി.ജെ.പിക്ക് തലവേദനയാണ്. എന്നാല്‍, എ.എ.പിയുടേയും ശിവസേനയുടേയും പിന്തുണയോടെ രാജ്യസഭയില്‍ ബില്‍ പാസാക്കിയെടുക്കാമെന്ന പ്രതീക്ഷ ഇപ്പോള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. എ.എപിയും ശിവസേന ഉദ്ദവ് വിഭാഗവും പിന്തുണച്ചാല്‍ ഏകീകൃത സിവില്‍ കോഡ് പാസാക്കിയെടുന്നതിനൊപ്പം പ്രതിപക്ഷ നിരയില്‍ വിള്ളല്‍ വീഴ്ത്താനും ബി.ജി.പിക്ക് സാധിച്ചേക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *