Breaking News

ആറ്റിങ്ങല്‍ കൊലപാതകം: രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍

അഭിഷേക്, വിഷ്ണു ആല്‍ബി

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ഊരുപൊയ്ക കൊലപാതക കേസില്‍ രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍. കിഴുവിലം ചിറ്ററ്റിന്‍കര മാടന്‍നടക്ക് സമീപം സുജ ഭവനില്‍ ത്യാഗരാജന്‍രെ മകന്‍ വിഷ്ണു ആല്‍ബി (21), കിഴുവിലം മാമം താലോലം വീട്ടില്‍ ബിജുവിന്റെ മകന്‍ അഭിഷേക് (18) എന്നിവരെയാണ് ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളാണ് ഇവരെന്ന് പോലീസ് അറിയിച്ചു. ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ വ്യാപക തിരിച്ചലിനൊടുവിലാണ് കസ്റ്റഡിയില്‍ എടുത്തത്.

വക്കം കണ്ണമംഗലം ചിരട്ടമണക്കാട് വീട്ടില്‍ അപ്പു എന്നുവിളിക്കുന്ന ശ്രീജിത്തിനെ മര്‍ദ്ദനമേറ്റ് അവശനിലയില്‍ ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രഥമിക അന്വേഷണത്തില്‍ ലഹരിമരുന്ന് സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് സംശയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തില്‍ അഞ്ച് പ്രതികളെ പോലീസ് നേരത്തെ പിടികൂടിയിരുന്നു.

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ പ്രതികളുടെ എണ്ണം ഏഴായി. അതേസമയം കേസിലെ പ്രധാന പ്രതികളെന്ന് സംശയിക്കുന്ന മങ്കാട്ടുമൂല സ്വദേശികളായ കുരിയന്‍ എന്ന വിനീത്, കുമ്പിടി എന്ന പ്രണവ്, കോടാലിക്കോണം സ്വദേശികളായ ജിത്തു എന്ന ശ്രീജിത്ത്, വിജിത്ത് എന്നിവരെ ഇതുവരെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല. ഒന്നര മാസം മുമ്പ് പേരൂര്‍ക്കടയില്‍ ഒരു കല്യാണ വീട്ടില്‍ ആക്രമണം നടത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ആളാണ് വിനീത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *