Breaking News

‘രണ്ടുപേരെ പിടിച്ചുനീന്തി, പുറകേ വന്നയാൾ താഴ്ന്നുപോയി’

 ‘ഓളമടിച്ച് വള്ളത്തിനുള്ളിൽ വെള്ളം കയറിയപ്പോൾ എൻജിൻ നിർത്തി. കരയ്ക്കടുപ്പിക്കാമെന്നാണു കരുതിയത്. പെട്ടെന്ന് വള്ളം മുങ്ങി. രണ്ടുപേരെ രണ്ടുവശത്തായി പിടിച്ചുകൊണ്ട് നീന്തി. മറ്റേയാൾ പുറകേ നീന്തി. രക്ഷപ്പെടുത്താനെത്തിയ വള്ളത്തിൽ പിടിച്ച് തിരിഞ്ഞുനോക്കിയപ്പോൾ പിന്നിലുണ്ടായിരുന്നയാളെ കണ്ടില്ല.’ അപകടം നടന്ന വള്ളത്തിൽ പോലീസുകാർ ക്കൊപ്പമുണ്ടായിരുന്ന വള്ളക്കാരൻ അകത്തുമുറി തോണ്ടപ്പുറം ഉഷാമന്ദിരത്തിൽ വസന്തൻ പറയുന്നു.

കായലിൽ മീൻപിടിത്തമാണ് വസന്തന്റെ ജോലി. ശനിയാഴ്ച ജോലിയില്ലായിരുന്നു. ഉച്ചയ്ക്ക് 12.30 ഓടെയാണ് വർക്കല സി.ഐ. വി.എസ്.പ്രശാന്ത്, പോലീസുകാരായ പ്രശാന്തകുമാർ, ബാലു എന്നിവർ പണയിൽക്കടവിലെത്തി വസന്തനെ സമീപിച്ച് പൊന്നുംതുരുത്തുവരെ പോകാൻ വള്ളമിറക്കാമോയെന്നു ചോദിച്ചത്. എൻജിൻ ഘടിപ്പിച്ച ചെറിയ ഓടിവള്ളമാണ് വസന്തൻ മീൻപിടിക്കാൻ ഉപയോഗിക്കുന്നത്. വള്ളത്തിന് നടുക്ക് ഒരു പലക ഇട്ടുകൊടുത്തതിലാണ് സി.ഐ. വി.എസ്.പ്രശാന്തും പ്രശാന്തകുമാറും ഇരുന്നത്. മരിച്ച ബാലു വള്ളത്തിന്റെ കൊമ്പത്താണിരുന്നത്. വള്ളമിറക്കി ഇരുന്നൂറ്‌ മീറ്ററോളം ചെന്നപ്പോൾ ഒാളമടിച്ച് വള്ളത്തിനുള്ളിൽ വെള്ളംകയറി. വെള്ളം കയറുന്നുണ്ടെന്നും കരയിലേക്കു തിരിക്കാമെന്നും പോലീസുകാരോടു പറയുകയും പെട്ടെന്ന് എൻജിൻ നിർത്തുകയും ചെയ്തു. നിമിഷനേരത്തിനുള്ളിൽ വള്ളം മുങ്ങിത്താണു.

സി.ഐ.യെയും ഒരു പോലീസുകാരനെയും രണ്ടുവശത്തായി പിടിച്ചുകൊണ്ട് നീന്തുകയും ഉച്ചത്തിൽ നിലവിളിക്കുകയും ചെയ്തു. പിന്നാലെയുണ്ടായിരുന്ന പോലീസുകാരനും നിലവിളിക്കുന്നുണ്ടായിരുന്നു. വിളികേട്ട് മധു വള്ളവുമായെത്തി. മധുവിന്റെ വള്ളത്തിൽ പിടിച്ച് തിരിഞ്ഞ് നോക്കുമ്പോൾ പിറകേയുണ്ടായിരുന്നയാളെ കണ്ടില്ല. മുങ്ങിപ്പോയെന്ന് മനസ്സിലായി. വിവരമറിഞ്ഞ് കായലിൽ മീൻപിടിക്കുന്നവരും കക്കവാരുന്നവരുമെല്ലാം ഓടിയെത്തി. വള്ളം മറിഞ്ഞഭാഗത്ത് തിരച്ചിൽ നടത്തി. അരമണിക്കൂറോളം തിരച്ചിൽ നടത്തിയാണ് മുങ്ങിപ്പോയയാളെ കണ്ടെത്തിയത്. കൺമുന്നിൽ അപകടത്തിൽപ്പെട്ട ഒരാളെ രക്ഷിക്കാൻ കഴിയാതിരുന്നതിന്റെ വേദന വസന്തന്റെ വാക്കുകളിലുണ്ട്. ഒട്ടേറെ രക്ഷാപ്രവർത്തനങ്ങൾ വസന്തൻ കായലിൽ നടത്തിയിട്ടുണ്ടെങ്കിലും താൻ നിയന്ത്രിക്കുന്ന വള്ളത്തിൽ ആദ്യമായാണ് ഇത്തരമൊരപകടമുണ്ടാകുന്നതെന്നും വസന്തൻ പറഞ്ഞു.

‘മരണം മുന്നിൽക്കണ്ടു, രക്ഷപ്പെടില്ലെന്നാണ് വിചാരിച്ചത്. വള്ളക്കാരന്റെ അവസരോചിത ഇടപെടലും ഭാഗ്യവും കൊണ്ടുമാത്രമാണ് ജീവിതത്തിലേക്കു തിരിച്ചെത്തിയത്.’ പണയിൽക്കടവിലെ അപകടത്തിൽനിന്നു രക്ഷപ്പെട്ട വർക്കല ഇൻസ്പെക്ടർ വി.എസ്.പ്രശാന്തിന്റെ വാക്കുകളിൽ അപകടത്തിന്റെ ആഴം വ്യക്തമാകുന്നു.

രക്ഷപ്പെട്ടതിന്റെ ആശ്വാസത്തേക്കാൾ സഹപ്രവർത്തകനെ നഷ്ടപ്പെട്ടതിന്റെ വേദനയാണ് ഇൻസ്പെക്ടറിന്റെ വാക്കുകളിലുള്ളത്. “യാത്രതുടങ്ങി കുറച്ചുദൂരം ചെന്നപ്പോൾത്തന്നെ വള്ളത്തിൽ വെള്ളംകയറിത്തുടങ്ങി. നീന്തലറിയാത്ത എന്നെ വള്ളക്കാരൻ മുങ്ങിപ്പോകാതെ പിടിച്ചുപൊക്കിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ പൊങ്ങിവരാൻ കഴിയാതെയായി. ഇതോടെ രക്ഷപ്പെടില്ലെന്ന് മനസ്സിൽ ഉറപ്പിച്ചു. പിന്നീടുള്ളതൊന്നും ഓർത്തെടുക്കാൻ കഴിയുന്നില്ല. ഒടുവിൽ കരയിൽനിന്നു മറ്റൊരു വള്ളമെത്തിച്ചപ്പോൾ അതിൽപ്പിടിച്ച് ഞാനും പ്രശാന്തകുമാറും കുറച്ചുസമയം കിടന്നു. പിന്നീടാണ് കരയ്ക്കെത്തിച്ച”തെന്ന്‌ അദ്ദേഹം പറഞ്ഞു.

ഒപ്പം നീന്തിയ സഹപ്രവർത്തകൻ നഷ്ടപ്പെട്ട വേദനയാണ് അപകടത്തിൽനിന്നു രക്ഷപ്പെട്ട വർക്കല സ്റ്റേഷനിലെ സി.പി.ഒ. പ്രശാന്തകുമാർ പങ്കുവെച്ചത്. “ഞാനും ബാലുവും പരസ്പരം പിടിച്ച് താഴ്ന്നുപോകാതിരിക്കാൻ ശ്രമിച്ചു. വള്ളക്കാരൻ രക്ഷിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഇതിനിടെയാണ് ബാലുവിനെ കാണാതായത്. പിന്നീട് രക്ഷപ്പെട്ട് കരയിലെത്തിയപ്പോഴും ബാലുവിനെ കണ്ടെത്തിയിരുന്നില്ല.”

രക്ഷപ്പെട്ട ഇരുവരെയും വർക്കലയിലെ സ്വകാര്യ ആശുപത്രിയിലെ ത്തിച്ച് പ്രഥമ ശുശ്രൂഷ നൽകുകയും പരിശോധനകൾ നടത്തുകയും ചെയ്തു. മറ്റു പ്രശ്നങ്ങളൊന്നുമില്ലാത്തതിനാൽ അധികനേരം ആശു പത്രിയിൽ കഴിയേണ്ടിവന്നില്ല. അപ്പോഴാണ് ബാലുവിന്റെ വിയോ ഗവാർത്തയെത്തിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *