

ചിറയിന്‍കീഴ്: ചിറയിന്‍കീഴ് താലൂക്കില്‍ സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികളോട് ബസ് ജീവനക്കാര്‍ കാണിക്കുന്ന യാത്രാ വിവേചനം അവസാനിപ്പിക്കണമെന്ന് എസ്.എഫ്.ഐ ആറ്റിങ്ങല്‍ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് കണ്സഷന് നിരന്തരം നിഷേധിക്കപ്പെടുന്നു. ബസില്‍ കയറ്റാറ്റാതിരിക്കുക, സ്റ്റോപ്പുകളില്‍ നിര്‍ത്താതിരിക്കുക, ബസ്സുകളില്‍ കയറുന്ന പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ത്ഥികളെ അധിക്ഷേപിക്കുക തുടങ്ങിയ അനുഭവങ്ങള്‍ വിദ്യാര്‍ത്ഥികള്‍
നിരന്തരം നേരിടേണ്ടി വരുന്നുണ്ട്.

ജില്ലയില്‍ ഏറ്റവും അധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മേഖലയാണ് ചിറയിന്‍കീഴ് താലൂക്ക് കേന്ദ്രമായ ആറ്റിങ്ങല്‍. സര്‍ക്കാര്‍ മേഖലയിലും സമാന്തര വിദ്യാഭ്യാസരംഗത്തുമായി കാല് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കാന്‍ എത്തുന്നത്.
ബഹുഭൂരിപക്ഷം പേരും സ്വകാര്യ ബസുകളെയാണ് യാത്രക്ക് ആശ്രയിക്കുന്നത്. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ബസ് കയറാന്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ മുതിര്‍ന്ന യാത്രക്കാര്‍ കയറുന്നത് വരെ മാറ്റി നിര്‍ത്തും. കണ്സഷന് നിരക്കില്‍ വിദ്യാര്‍ത്ഥികളെ യാത്ര ചെയ്യാന്‍ അനുവദിക്കുന്ന ചുരുക്കം ചില ബസുകള്‍ മാത്രമേയുള്ളൂവെന്നും പരാതിയുണ്ട്.

നിര്‍ധനരായ കുടുംബങ്ങളില്‍ നിന്നുള്ളവരാണ് ആറ്റിങ്ങല്‍ മേഖലയില്‍ പഠിക്കാന്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ ഏറെയും. കണ്ടക്ടര്‍മാര്‍ക്ക് തോന്നിയ പടിയാണ് ഇവരില്‍ നിന്നും ബസ് ചാര്‍ജ് ഈടാക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കുള്ള മിനിമം നിരക്ക് ഒരു രൂപയാണ്. 10 രൂപ വരെയുള്ള ഫുള്‍ ചാര്‍ജിന് രണ്ട് രൂപയാണ് വിദ്യാര്‍ത്ഥികളില്‍നിന്നും ഈടാക്കേണ്ടത്. മിക്ക ബസ്സുകളും അത് 5 രൂപയാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കുന്നത്. അതില്‍ കൂടുതല്‍ ദൂരത്തിന് 10 രൂപ വരെ വിദ്യാര്‍ഥികളില്‍ നിന്നും ഈടാക്കുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ കണ്സഷന് നിരക്കില്‍ ആറ്റിങ്ങലില്‍ വന്നു പഠിച്ചു പോകുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആറ്റിങ്ങല്‍ ആര്.ടി.ഒയ്ക്ക് പരാതി നല്കി. കേരള സര്‍വകലാശാല യൂണിയന് ചെയര്മാന് വിജയ് വിമല്‍, എസ്.എഫ്.ഐ ഏരിയ പ്രസിഡന്റ് അര്ജുന് കല്ലിങ്കല്‍, അമല്‍രാജ്, അശ്വിന് എന്നിവര്‍ നേതൃത്വം നല്കി.