Breaking News

ട്രാക്ടര്‍ റാലി: ശശി തരൂര്‍ ഉള്‍പ്പടെയുള്ളവരുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു

ശശി തരൂര്‍

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹ കേസില്‍ ശശി തരൂര്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്യുന്നത് സുപ്രീംകോടതി തടഞ്ഞു. ട്രാക്ടര്‍ റാലിക്കിടെ കര്‍ഷകന്‍ മരണമടഞ്ഞതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്നാരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇതിനെതിരെയാണ് ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ബാലിശമായ പരാതികളിലാണ് കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നായിരുന്നു തരൂരിന് വേണ്ടി ഹാജരായ കപില്‍ സിബലിന്റെ വാദം. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക, ഹരിയാണ, ഡല്‍ഹി എന്നിവിടങ്ങളില്‍ ഒരേ തരത്തില്‍ ഉള്ള പരാതികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും എഫ്.ഐ.ആറുകള്‍ ഒരുമിച്ച് ആക്കണമെന്നും കപില്‍ സിബല്‍ വാദിച്ചു. ഈ ആവശ്യത്തില്‍ കോടതി നോട്ടീസ് അയച്ചു.
റിപ്പബ്ലിക്ക് ദിനത്തില്‍ ട്രാക്ടര്‍ റാലിക്കിടെ മധ്യഡല്‍ഹിയില്‍ കര്‍ഷകന്‍ മരണമടഞ്ഞതുമായി ബന്ധപ്പെട്ടാണ് ട്വീറ്റ് ചെയ്തത് എന്ന് കാരവാന്‍ മാഗസിന്‍ എഡിറ്റര്‍ വിനോദ്.കെ.ജോസിന് വേണ്ടി ഹാജരായ മുകുള്‍ റോത്തഗി ചൂണ്ടിക്കാട്ടി. സമൂഹത്തില്‍ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യം ട്വീറ്റിന് ഇല്ലായിരുന്നു എന്നും റോത്തഗി വ്യക്തമാക്കി. എന്നാല്‍ ട്വിറ്ററില്‍ ലക്ഷക്കണക്കിന് ആള്‍ക്കാര്‍ പിന്തുരുടരുന്നവരുടെ ട്വീറ്റുകള്‍ അക്രമങ്ങള്‍ക്ക് വഴിവച്ചു എന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആരോപിച്ചു.
ശശി തരൂര്‍, രാജ്ദീപ് സര്‍ദേശായി, വിനോദ്.കെ.ജോസ് എന്നിവര്‍ക്ക് പുറമെ മാധ്യമപ്രവര്‍ത്തകരായ മൃണാള്‍ പാണ്ഡെ, സഫര്‍ ആഗ, പരേഷ് നാഥ്, അനന്ത് നാഥ് എന്നിവരുടെ അറസ്റ്റും സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *