
വാഷിങ്ടന്‍: ചൈനയ്ക്ക് വീണ്ടും പ്രതിസന്ധി സൃഷ്ടിച്ച് ദി ടിബറ്റന്‍ പോളിസി ആന്‍ഡ് സപ്പോര്‍ട്ട് ആക്ട് ഓഫ് 2020 എന്ന ബില്ലിന് യുഎസ് സെനറ്റ് അംഗീകാരം നല്കി. ബില്ലില്‍ പ്രസിഡന്റ് ട്രംപ് ഒപ്പുവയ്ക്കുകയും ചെയ്തു. ഇതോടെ ബില്‍ നിയമമായി മാറി. കോവിഡ് പ്രതിരോധത്തിന് നല്കുന്ന ആശ്വാസ പാക്കേജും ബില്ലിനൊപ്പം ട്രംപ് അംഗീകാരം നല്കി. 2.3 ട്രില്യണ്‍ യുഎസ് ഡോളറാണ് ആശ്വാസധനമായി നല്‍കുക.
ടിബറ്റുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളും നിലവിലുള്ളവയെ പരിഷ്ക്കരിച്ച പദ്ധതികളുമൊക്കെ ഉള്‍പ്പെടുന്ന വ്യവസ്ഥകള്‍ ദി ടിബറ്റന്‍ പോളിസി ആന്‍ഡ് സപ്പോര്‍ട്ട് ആക്ട് ഓഫ് 2020 ബില്ലില്‍ ഉണ്ട്. ചൈനയുടെ ഇടപെടലില്ലാതെ അടുത്ത ദലൈലാമയെ തെരഞ്ഞെടുക്കാന്‍ ടിബറ്റിലെ ബുദ്ധ സമൂഹത്തിന് സാധിക്കത്തക്കവിധവുള്ള രാജ്യാന്തര സഖ്യം രൂപീകരിക്കാന്‍ ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ഇത് ടിബറ്റിനോടുള്ള സമീപനത്തില്‍ ചൈനയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ്. ചൈനയുടെ പ്രതിഷേധം കണക്കിലെടുക്കാതെയാണ് യു.എസ് സെനറ്റ് ബില്‍ പാസ്സാക്കിയത്. ബില്‍ പ്രകാരം ടിബറ്റിലെ ലാസയില്‍ യു.എസ് കോണ്‍സുലേറ്റ് സ്ഥാപിക്കാതെ യി.എസില്‍ ഇനി കോണ്‍സുലേറ്റ് സ്ഥാപിക്കാന്‍ ചൈനയ്ക്ക് സാധിക്കില്ല.
ടിബറ്റിനു വേണ്ടിയുള്ള സ്പെഷല്‍ യുഎസ് കോഓര്‍ഡിനേറ്റര്‍ക്കു ചെലവഴിക്കാനായി 1 മില്യണ്‍ യുഎസ് ഡോളറും അനുവദിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. ടിബറ്റന്‍ സമൂഹത്തിന് അവിടെയുള്ള സര്‍ക്കാരിതര സംഘടനകള്‍ നല്കുന്ന സഹായം ഇനി മുതല്‍ നിയമാനുസൃതമാണ്. നിലവിലുള്ള ദലൈലാമയെ ‘വിഘടനവാദി’യായി കണക്കാക്കുന്ന ചൈനയ്ക്ക് കടുത്ത പ്രതിസന്ധിയാണ് ഈ ബില്‍ സൃഷ്ടിക്കുക.