Breaking News

വർക്കലയിൽ കവർച്ച ആസൂത്രണം ചെയ്യുന്നതിനിടെ തർക്കത്തിലേർപ്പെട്ട മൂന്ന് പേർ അറസ്റ്റിൽ

വർക്കല: അയിരൂർ വില്ലിക്കടവ് പാലത്തിന് സമീപം കവർച്ച ആസൂത്രണം ചെയ്യുന്നതിനിടെ തമ്മിൽ തർക്കത്തിലേർപ്പെട്ടതായി സംശയിക്കുന്ന മൂന്ന് പേരെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം പെട്രോളിങ് ഡ്യൂട്ടിക്കിടെ വില്ലിക്കടവ് പാലത്തിന് സമീപം രാത്രി 7.30 ന് നിർത്തിയിട്ടിരുന്ന കാറിനരികിൽ മൂന്ന് യുവാക്കൾ വാക്കേറ്റത്തിൽ ഏർപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ് ഇവരോട് സ്ഥലത്തെ സാന്നിദ്ധ്യത്തെ കുറിച്ച് അന്വേഷിച്ചു. എന്നാൽ മൂന്നുപേരും പരസ്പര വിരുദ്ധമായ വിശദീകരണങ്ങളാണ് നൽകിയത്.തുടർന്ന് വാഹനം പരിശോധിച്ചപ്പോൾ കമ്പിപ്പാരകൾ, ഗ്ലൗസുകൾ, പഴയ തോർത്ത് മുണ്ട് എന്നിവ കണ്ടെത്തി. ഇതോടെ കവർച്ചയ്ക്ക് തയ്യാറെടുപ്പാണെന്ന സംശയം ബലപ്പെട്ടതിനെ തുടർന്ന് യുവാക്കളെയും വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.

വക്കം സ്വദേശിയായ വിഷ്ണു (31), കടയ്ക്കാവൂർ തെക്കുംഭാഗം സ്വദേശി മനു (42), വെട്ടൂർ നെടുങ്കണ്ട സ്വദേശി റിയാസ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.പ്രതികളെ പ്രത്യേകം മാറ്റി നിർത്തി ചോദ്യം ചെയ്തപ്പോഴും മൂന്നുപേരും വ്യത്യസ്ത വിവരങ്ങളാണ് നൽകിയതെന്ന് പൊലീസ് അറിയിച്ചു.തുടർന്ന് യുവാക്കളുടെ വിലാസം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അഞ്ചുതെങ്ങ്, കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത നിരവധി ക്രിമിനൽ കേസുകളിൽ ഇവർ നിലവിൽ പ്രതികളാണെന്നും, മോഷണം, പിടിച്ചുപറി, കവർച്ച തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ട സംഘത്തിലെ അംഗങ്ങളാണെന്നും പൊലീസ് കണ്ടെത്തി.

കവർച്ച ആസൂത്രണം ചെയ്യുന്നതിനിടെയുണ്ടായ അഭിപ്രായവ്യത്യാസമാണ് വാക്കേറ്റത്തിനും പിടിവലിക്കും കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികളിലൊരാളായ റിയാസിന്റെ തോളിൽ നിന്ന് കൈമുട്ട് വരെ നീളത്തിൽ മുറിവും കണ്ടെത്തി.

അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി അയിരൂർ പൊലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *