Breaking News

രണ്ടര ലക്ഷം വീടുകള്‍; അഭിമാനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സമാനതകളില്ലാത്ത ക്ഷേമ പദ്ധതിയാണ് ലൈഫ് മിഷനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈഫ് മിഷനിലൂടെ രണ്ടര ലക്ഷം വീടുകള്‍ പൂര്‍ത്തീകരിക്കാനായെന്നത് കേരളത്തിന്റെ ചരിത്രത്തിലെ പകരംവയ്ക്കാനില്ലാത്ത പാര്‍പ്പിട വികസന പ്രവര്‍ത്തനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷനിലൂടെ പൂര്‍ത്തിയാക്കിയ രണ്ടര ലക്ഷം വീടുകളുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
8,823.20 കോടി രൂപ ചെലവഴിച്ച് 2,50, 547 വീടുകള്‍ പൂര്‍ത്തീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷന്റെ ഭാഗമായുള്ള ബാക്കിയുള്ള വീടുകളുടെ നിര്‍മാണവും അതിവേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞ അദ്ദേഹം പദ്ധതിയില്‍ നിന്ന് ഒഴിവായിപ്പോയെന്ന പരാതിക്കാരുടെ അപേക്ഷകള്‍ കൂടി പരിഗണിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് വീട് നല്‍കുമെന്നും ഉറപ്പുനല്‍കി. ഇടതുപക്ഷ സര്‍ക്കാരിന്റെ നയം അതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹണത്തിന്റെ ഭാഗമായി വട്ടിയൂര്‍ക്കാവിലെ പ്രഭ എന്ന വീട്ടമ്മയുടെ ഗൃഹപ്രവേശന ചടങ്ങില്‍ മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്തു.
നാടിനുണ്ടാവുന്ന നേട്ടങ്ങളെ ഇടിച്ചുതാഴ്ത്തുക, ജനങ്ങള്‍ക്ക് ലഭ്യമാവുന്ന സൗകര്യങ്ങളെ അപഹസിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ വലിയ നുണപ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. പക്ഷെ ജനങ്ങള്‍ ഇത് തിരിച്ചറിയുന്നുണ്ട്. അവരോട് ഇത്തരം നുണപ്രചരണങ്ങളൊന്നും വിലപോവില്ല. അതുകൊണ്ട് അപവാദപ്രചരണങ്ങളില്‍ ഭയന്ന് ജനങ്ങള്‍ക്കുള്ള പദ്ധതി സര്‍ക്കാര്‍ ഒരു ഘട്ടത്തിലും ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതി നടപ്പാക്കാന്‍ വേണ്ടി പ്രയത്‌നിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *