

കാസര്‍കോഡ്: മണിപ്പൂര്‍ കലാപത്തില്‍ ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് ലീഗ് സംഘടിപ്പിച്ച റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കാഞ്ഞങ്ങാട് നഗരസഭയിലെ അബ്ദുല്‍ സലാമിനെ സംഘടനയില്‍നിന്ന് പുറത്താക്കി. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് ആണ് ഈ വിഷയത്തില്‍ നടപടിയെടുത്തതായി അറിയിച്ചത്. ഐക്യദാര്‍ഢ്യ റാലിക്കിടെ അബ്ദുല്‍ സലാം പ്രകോപനപരമായ വിദ്വേഷ മുദ്രാവാക്യം വിളിക്കുകയായിരുന്നു.

അബ്ദുല്‍ സലാമിന്റെ നടപടി മുസ്ലിം ലീഗിന്റെ ആശയങ്ങള്‍ക്ക് വിരുദ്ധമാണെന്നും അച്ചടിച്ച് നല്‍കിയതില്‍നിന്ന് വ്യതിചലിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു ഇയാളെന്നും ഫിറോസ് വ്യക്തമാക്കി. ക്ഷമിക്കാനാവാത്ത പ്രവര്‍ത്തിയാണ് അബ്ദുല്‍ സലാമിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ഫിറോസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത മണിപ്പൂര്‍ ഐക്യദാര്‍ഢ്യ ദിനാചരണത്തിന്റെ ഭാഗമായിട്ടാണ് കാഞ്ഞങ്ങാട് റാലി സംഘടിപ്പിച്ചത്.

