Breaking News

ബി.ജെ.പിക്ക് ഭരണമുള്ളിടത്തും ഇല്ലാത്തിടത്തും വെവ്വേറെ നയം എന്തിന്? കേന്ദ്രത്തോട് സുപ്രീംകോടതി

ദില്ലി: ബി.ജെ.പിക്ക് ഭരണമുള്ളിടത്തും ഇല്ലാത്തിടത്തും വെവ്വേറെ നയം സ്വീകരിക്കുന്നത് എന്തിനാണെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. നാഗാലാന്‍ഡിലെ സ്ത്രീസംവരണവുമായി ബന്ധപ്പെട്ടായിരുന്നു കേന്ദ്രത്തിന് സുപ്രീംകോടതിയുടെ വിമര്‍ശനം. തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കണമെന്ന് നാഗാലാന്‍ഡ് സര്‍ക്കാരിനോട് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു എങ്കിലും സര്‍ക്കാര്‍ ഇത് നടപ്പാക്കിയിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ കേന്ദ്ര സര്‍ക്കാരിന് നേരെ കടുത്ത വിമര്‍ശനം ഉന്നയിച്ചത്.

ബി.ജെ.പി ഇതര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്വന്തം പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭരണഘടനാ തത്വങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ പോലും ഇടപെടുന്നില്ലെന്നും സുപ്രീംകോടതി കുറ്റപ്പെടുത്തി. നാഗാലാന്‍ഡില്‍ സ്ത്രീകള്‍ക്ക് സംവരണം നല്‍കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് നിരീക്ഷിച്ച കോടതി ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് അവസാന അവസരം നല്‍കുകയാണെന്ന നിലയില്‍ ഇടക്കാല ഉത്തരവും ഇറക്കി. വാദം കേള്‍ക്കുന്നതിനിടെ മണിപ്പൂരില്‍ നടക്കുന്ന അക്രമങ്ങളെ കുറിച്ചും പരാമര്‍ശിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *