
ആലപ്പുഴ: തന്റെ ഭാര്യ മന്ത്രി ജി.സുധാകരനെതിരെ നല്‍കിയ പരാതി പിന്‍വലിച്ചിട്ടില്ലെന്ന് പരാതിക്കാരിയായ യുവതിയുടെ ഭര്‍ത്താവ് വേണുഗോപാല്‍. ജി.സുധാകരന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗമാണ് പരാതിക്കാരിയുടെ ഭര്‍ത്താവ്. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി പരാതിക്കാരിയും വ്യക്തമാക്കിയിട്ടുണ്ട്. നല്‍കിയ പരാതി പിന്‍വലിച്ചുവെന്ന് പോലീസ് പറയുന്നത് തെറ്റാണെന്നും വേണുഗോപാല്‍ പറഞ്ഞു.
പരാതി താന്‍ പിന്‍വലിച്ചിട്ടില്ലെന്നും തന്റെ അറിവില്ലാതെ വ്യാജ ഒപ്പിട്ട് ആരോ പരാതി പിന്‍വലിച്ചതാണെന്നും യുവതി പറയുന്നു. പരാതി പിന്‍വലിച്ചുവെങ്കില്‍ അത് തന്റെ അറിവോ സമ്മതമോ ഇല്ലാതെ മറ്റാരോ ചെയ്തതാണ്. പരാതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഇന്നുകൂടി കേസ് രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കുമെന്നും മുന്‍ ജില്ലാ കമ്മിറ്റി അംഗമായ പരാതിക്കാരി വ്യക്തമാക്കി.
പുറക്കാട് ലോക്കല്‍ കമ്മിറ്റി അംഗമായ വേണുഗോപാലിന്റെ ഭാര്യ അമ്പലപ്പുഴ പോലീസിലാണ് മന്ത്രിക്കെതിരെ പരാതി നല്‍കിയത്. ഈ പരാതി പിന്‍വലിച്ചുവെന്ന് സി.പി.എമ്മിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടി നാസര്‍ വെളിപ്പെടുത്തിയതിന് പിന്നാലെ അമ്പലപ്പുഴ പോലീസും ഈ വാര്‍ത്ത സ്ഥിരീകരിച്ചിരുന്നു.
പരാതി നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടല്ല നല്‍കിയതെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. രസീത് പോലും വാങ്ങാതെ പരാതി പാറാവുകാരനെ ഏല്‍പ്പിച്ചാണ് മടങ്ങിയെന്നും പോലീസ് വ്യക്തമാക്കി. എന്നാല്‍, ഈ വാദങ്ങളെല്ലാം തള്ളിക്കൊണ്ടാണ് പരാതിയില്‍ നിന്ന് പിന്‍മാറിയില്ലെന്നും ഉറച്ചുനില്‍ക്കുകയാണെന്നും പരാതിക്കാരി രംഗത്തുവന്നിരിക്കുന്നത്.
അതേസമയം, തന്റെ രാഷ്ട്രീയ ജീവിതം സംശുദ്ധമാണെന്നും ആരോപണത്തില്‍ രാഷ്ട്രീയ ധാര്‍മ്മികതയില്ലെന്നും മന്ത്രി ജി.സുധാകരന്‍ വ്യക്തമാക്കി. പരാതിക്ക് പിന്നില്‍ ഒരു ഗ്യാങ് ഉണ്ടെന്നും സംശുദ്ധമായ തന്റെ രാഷ്ട്രീയ ജീവിതത്തെ അപമാനിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ ഗ്യാങ്ങില്‍ പല പാര്‍ട്ടിക്കാരുമുണ്ട്. താനും കുടുംബവും ഒരു വിവാദത്തിലും ഏര്‍പ്പെട്ടിട്ടില്ല. എന്നിട്ടും തന്റെ കുടുംബത്തെ വരെ അപമാനിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതേസമയം, പരാതി നല്‍കിയവര്‍ നിരപരാധികളാണെന്നും അവരെ മറ്റുള്ളവര്‍ തനിക്കെതിരെ ഉപയോഗിച്ചതാണെന്നും അവരോട് സഹതാപം മാത്രമേയുള്ളൂ എന്നും മന്ത്രി പറഞ്ഞു.