Breaking News

അധ്യാപകന്‍ മാര്‍ക്ക് കണക്കുകൂട്ടി എഴുതിയപ്പോള്‍ തെറ്റി; വിദ്യാര്‍ത്ഥിക്ക് എ പ്ലസ് നഷ്ടമായി

കണ്ണൂര്‍: അധ്യാപകന്‍ മാര്‍ക്ക് കണക്കുകൂട്ടി എഴുതിയപ്പോള്‍ വിദ്യാര്‍ത്ഥിക്ക് എ പ്ലസ് നഷ്ടമായി. കണ്ണൂര്‍ കടന്നപ്പളളി സ്‌കൂളിലെ ധ്യാന്‍ കൃഷ്ണയ്ക്കാണ് അധ്യാപകന് സംഭവിച്ച പിഴവില്‍ ജീവശാസ്ത്രത്തിന് എ പ്ലസ് നഷ്ടമായത്. സ്‌കോര്‍ ഷീറ്റില്‍ 23+17=40 എന്ന് രേഖപ്പെടുത്തേണ്ട സ്ഥാനത്ത് അധ്യാപകന്‍ 30 എന്നാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു വിഷയത്തില്‍ എ പ്ലസ് നഷ്ടമായതോടെ മുഴുവന്‍ വിഷയങ്ങളിലും ഫുള്‍ എ പ്ലസ് എന്ന നേട്ടവും കൃഷ്ണയ്ക്ക് നഷ്ടമായിരുന്നു. പത്താം ക്ലാസ് പരീക്ഷാ ഫലം വന്നപ്പോള്‍ ധ്യാന്‍ കൃഷ്ണയ്ക്ക് ഒന്‍പത് വിഷയങ്ങളില്‍ എ പ്ലസും ജീവിശാസ്ത്രത്തില്‍ എ ഗ്രേഡുമാണ് ലഭിച്ചത്.

മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് പ്രതീക്ഷിച്ചിരുന്ന ധ്യാന്‍ പുനര്‍മൂല്യനിര്‍ണ്ണയത്തിന് അപേക്ഷിച്ചു. ഇതോടൊപ്പം ജീവശാസ്ത്രത്തിന്റെ ഉത്തരക്കടലാസ് ലഭിക്കാനുള്ള അപേക്ഷയും നല്‍കി. രണ്ടിനും കൂടി 600 രൂപയാണ് ചെലവായത്. പുനര്‍മൂല്യനിര്‍ണ്ണയത്തില്‍ അധ്യാപകന് സംഭവിച്ച ഗുരുതര പിഴവ് തിരിച്ചറിയുകയും എ ഗ്രേഡ് എ പ്ലസായി തിരുത്തുകയും ചെയ്തു. ഇതോടെ ധ്യാന്‍ കൃഷ്ണ അര്‍ഹതപ്പെട്ട നേട്ടം സ്വന്തമായതിന്റെ ആശ്വാസത്തിലാണ്. ഉത്തരക്കടലാസിന്റെ സ്‌കോര്‍ ഷീറ്റില്‍ മാര്‍ക്ക് കൂട്ടിയെഴുതിയപ്പോള്‍ അധ്യാപകന് തെറ്റുപറ്റുകയായിരുന്നുവെന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമായെന്ന് ധ്യാനിന്റെ മാതാവ് പ്രിയ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, സംസ്ഥാനമൊട്ടാകെ ശ്രദ്ധയോടെ വീക്ഷിക്കുന്ന പത്താംക്ലാസ് പരീക്ഷയുടെ മൂല്യനിര്‍ണ്ണയത്തില്‍ ഗുരുതര പിഴവ് വരുത്തിയ അധ്യാപകനെതിരെ നടപടിയുണ്ടായേക്കുമെന്ന് സൂചനയുണ്ട്. മൂല്യനിര്‍ണയം നടത്തുന്ന അധ്യാപകനെ കൂടാതെ ഒരു അസിസ്റ്റന്റ് ചീഫ് എക്‌സാമിനറും ഉത്തരക്കടലാസ് പരിശോധിക്കാറുണ്ട്. അസി.ചീഫ് എക്‌സാമിനറുടെ പരിശോധനയിലും ഈ ഗുരുതര പിഴവ് കണ്ടെത്തിയില്ല. സംഭവത്തില്‍ പരാതിയെത്തിയാല്‍ അന്വേഷണം നടത്തി അധ്യാപകനെതിരെ നടപടി വന്നേക്കും. എന്തായാലും നഷ്ടമായ എ പ്ലസ് തിരിച്ചുകിട്ടിയ ആശ്വാസത്തിലാണിപ്പോള്‍ വിദ്യാര്‍ത്ഥിയും കുടുംബവും.

Related posts

Leave a Reply

Your email address will not be published. Required fields are marked *