

കണ്ണൂര്‍: കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ മൃഗബലി നടന്നുവെന്ന വിവാദ ആരോപണവുമായി കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ മൃഗബലി നടന്നുവെന്നാണ് ഡി.കെ.ശിവകുമാര്‍ ആരോപിച്ചത്. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ കേരളത്തിലെ ഒരു ക്ഷേത്രത്തിന് സമീപം വച്ച് മൃഗബലി നടന്നെന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. കേരളത്തിലെ ഒരു രാജരാജേശ്വര ക്ഷേത്രത്തിന് സമീപം വച്ച് ശത്രുഭൈരവ എന്ന പേരില്‍ നടത്തിയ യാഗത്തില്‍ 52 മൃഗങ്ങളെ ബലി നല്‍കിയെന്നും ഡി.കെ.ശിവകുമാര്‍ വ്യക്തമാക്കി.



കര്‍ണാടകയില്‍ വരാനിരിക്കുന്ന എം.എല്‍.സി തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെക്കുറിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ അവസാനമാണ് തീര്‍ത്തും അനൗദ്യോഗികമായും തമാശ മട്ടിലും കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയത്.
തനിക്കും സിദ്ധരാമയ്യക്കും എതിരെയാണ് യാഗം നടന്നതെന്നാണ് വിവരം. കര്‍ണാടകയിലെ സമുന്നതനായ ഒരു രാഷ്ട്രീയനേതാവാണ് ഇതിന് പിന്നില്‍. ആരാണ് ഇത് ചെയ്യിച്ചത് എന്ന് തനിക്ക് നന്നായി അറിയാം. പക്ഷേ താന്‍ ദൈവത്തില്‍ വിശ്വസിക്കുന്നുവെന്നും ഇതൊന്നും ഏല്‍ക്കില്ല എന്നും ചിരിയോടെ ഡി.കെ.ശിവകുമാര്‍ പറഞ്ഞു. ഡി.കെ.ശിവകുമാറിന്റെ ആരോപണം കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.



ഡി.കെ.ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ കേരളത്തിന്റെ വിവിധയിടങ്ങളില്‍ കടുത്ത വിയോജിപ്പ് രൂപപ്പെട്ട് വരുന്നുണ്ട്.
രാജരാജേശ്വര ക്ഷേത്രം ദേവസ്വവും ദേവസ്വം മന്ത്രിയും ഡി.കെ.ശിവകുമാറിന്റെ ആരോപണം തള്ളി. രാജരാജേശ്വര ക്ഷേത്രം മൃഗബലി പോലുള്ള കര്‍മ്മങ്ങള്‍ നടത്തുന്ന ക്ഷേത്രമല്ലെന്നും ഡി.കെ.ശിവകുമാര്‍ എന്ത് അടിസ്ഥാനത്തിലാണ് പറഞ്ഞതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹത്തിന്റെ പ്രസ്താവനയോട് കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തുന്നുവെന്നും ക്ഷേത്രം അധികൃതര്‍ വ്യക്തമാക്കി. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം മൃഗബലി പൂജയുള്ള ക്ഷേത്രമല്ല. ക്ഷേത്രത്തെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് മോശമായിപ്പോയെന്ന് ദേവസ്വം ബോര്‍ഡ് അംഗം ടി.ടി.മാധവന്‍ പറഞ്ഞു. ഡി.കെ.ശിവകുമാറിന്റെ ആരോപണം തളളി ദേവസ്വം മന്ത്രിയും രംഗത്തെത്തി. ഡി.കെ.ശിവകുമാര്‍ ഉന്നയിച്ച ആരോപണം നടക്കാന്‍ സാധ്യതയില്ലാത്തതാണെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ പ്രതികരിച്ചു.


