

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. കേസില്‍ നരഹത്യാക്കുറ്റം നിലനില്‍ക്കില്ലെന്ന ശ്രീറാം വെങ്കിട്ടരാമന്റെ വാദം സുപ്രീംകോടതി തള്ളി. നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെ ശ്രീറാം സമര്‍പ്പിച്ച അപ്പീലാണ് സുപ്രീംകോടതി തള്ളിയത്.

വിചാരണ നടക്കേണ്ട കേസാണിതെന്നു പറഞ്ഞ സുപ്രീംകോടതി തെളിവുകള്‍ നിലനില്‍ക്കുമോ എന്ന് വിചാരണയില്‍ പരിശോധിക്കട്ടേയെന്നും പറഞ്ഞു. നരഹത്യാക്കുറ്റം ഒഴിവാക്കിയ വിചാരണക്കോടതി ഉത്തരവ് ചോദ്യംചെയ്തു സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍, ശ്രീറാമിനെതിരെ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഏപ്രില്‍ 13നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണു ശ്രീറാം വെങ്കിട്ടരാമന്‍ സുപ്രീംകോടതിയെ സമീപിച്ചത്. നരഹത്യാക്കുറ്റം ചുമത്താന്‍ തെളിവില്ലെന്നായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍ അപ്പീലില്‍ പറഞ്ഞത്.


