Breaking News

മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ പാൽ ഉൽപ്പാദനം ഒരു കോടി ലിറ്ററാക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പ്രതിദിന പാൽ ഉൽപ്പാദനം 100 ലക്ഷം ലിറ്ററായി (ഒരു കോടി ലിറ്റർ) ഉയർത്തുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. തിരുവനന്തപുരം ജവഹർ സഹകരണ ഭവനിൽ നടന്ന ലോക ക്ഷീരദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിലവിൽ സംസ്ഥാനത്ത് പ്രതിദിനം 70 ലക്ഷം ലിറ്റർ പാലാണ് ഉൽപ്പാദിപ്പിക്കുന്നത്. എന്നാൽ കേരളത്തിന്റെ ആവശ്യകത 86 ലക്ഷം ലിറ്ററാണെന്നും ഈ കുറവ് നികത്തി പാൽ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി ക്ഷീരകർഷകരുടെയും ക്ഷീര സഹകരണ സംഘങ്ങളുടെയും കൂട്ടായ പ്രവർത്തനവും സഹകരണവും അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പാൽ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനൊപ്പം മൂല്യവർദ്ധിത പാലുത്പന്നങ്ങളുടെ നിർമ്മാണത്തിനും സർക്കാർ പ്രത്യേക പ്രോത്സാഹനം നൽകും. ക്ഷീരകർഷകർ നേരിടുന്ന പ്രധാന പ്രതിസന്ധിയായ കാലിത്തീറ്റയുടെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ വിപണിയിൽ ശക്തമായി ഇടപെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പാലിന്റെ വില വർദ്ധിക്കുന്നതിനെ തുടർന്ന് കാലിത്തീറ്റ കമ്പനികൾ അന്യായമായി വില കൂട്ടി കർഷകരെ ചൂഷണം ചെയ്യുന്നത് അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ മുഖേന കാലിത്തീറ്റയ്ക്ക് സബ്‌സിഡി നൽകുന്ന പദ്ധതികൾ ആവിഷ്‌കരിക്കാൻ നിർദ്ദേശം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വന്യജീവി ആക്രമണത്തെ തുടർന്ന് കാർഷിക മേഖലയിൽ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ പശുവളർത്തൽ നിരവധി കർഷകർക്ക് ആശ്വാസമായി മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്ഷീരമേഖലയിൽ സ്ത്രീകൾ വഹിക്കുന്ന പങ്ക് വളരെ നിർണായകമാണെന്നും വനിതാ ക്ഷീരകർഷകരെ സമൂഹം കൂടുതൽ പിന്തുണയ്ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടികളാണ് പ്രധാനമായും പാൽ ഉപയോഗിക്കുന്നതെന്നതിനാൽ പാലിന്റെ ഗുണനിലവാരത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. പാലിൽ മായം കലർത്തുന്നത് കണ്ടെത്തുന്നതിനായി അത്യാധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് പരിശോധനകൾ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ കർഷകരിൽ അമ്പത് ശതമാനത്തിൽ താഴെപ്പേരാണ് നിലവിൽ ക്ഷീര സഹകരണ സംഘങ്ങളിൽ അംഗങ്ങളായിട്ടുള്ളത്. രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് കൂടുതൽ കർഷകരെ സഹകരണ മേഖലയിലേക്ക് കൊണ്ടു വരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പാൽ ഉൽപ്പാദന പുരോഗതി ആറുമാസം കൂടുമ്പോഴൊരിക്കൽ വിലയിരുത്തുമെന്നും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ക്ഷീരകർഷകർക്ക് അഭിമാനത്തോടെ ജീവിക്കാൻ കഴിയുന്ന സമഗ്രമായ വികസന പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ അധ്യക്ഷത വഹിച്ച ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ, പാൽ ഉൽപ്പാദനത്തിൽ സംസ്ഥാനത്തെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് പറഞ്ഞു. നഗരവൽക്കരണവും സ്ഥലപരിമിതിയും കാരണം വീടുകളിലെ പശുവളർത്തൽ കുറഞ്ഞുവെങ്കിലും ക്ഷീരവികസന വകുപ്പും മിൽമയും ചേർന്ന് മേഖല ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

ഉൽപ്പാദനച്ചെലവിലെ വർദ്ധനവ്, കാലിത്തീറ്റ ലഭ്യതക്കുറവ്, കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുള്ള രോഗങ്ങൾ, കുറഞ്ഞ വരുമാനം തുടങ്ങിയ വെല്ലുവിളികൾ ക്ഷീരമേഖല നേരിടുന്നുണ്ടെന്നും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഈ പ്രതിസന്ധികൾ മറികടക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സ്ത്രീകളടക്കമുള്ള സാധാരണ കർഷകരെ കൂടുതൽ ഈ മേഖലയിലേക്ക് ആകർഷിക്കുന്നതിനുള്ള പദ്ധതികളും നടപ്പാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ് സ്വാഗതം ആശംസിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം പദ്ധതി വിശദീകരിച്ചു. ജോയിന്റ് ഡയറക്ടർ സിനില ഉണ്ണികൃഷ്ണൻ, മിൽമ ചെയർപേഴ്‌സൺ കെ.എസ്. മണി, വെറ്റിനറി സർവകലാശാല രജിസ്ട്രാർ ഡോ. സാബിൻ ജോർജ്, കെ.സി.എം.എം.എഫ് മാനേജിംഗ് ഡയറക്ടർ ആസിഫ് കെ. യൂസഫ്, കൗൺസിലർ രാഖി രവികുമാർ, ക്ഷീരകർഷകർ, സൊസൈറ്റി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *