

തിരുവനന്തപുരം: സംസ്ഥാന ട്രാന്‍സ്ജെന്‍ഡര്‍ കലോത്സവം വര്‍ണ്ണപ്പകിട്ടിന് 17ന് തൃശ്ശൂരില്‍ തിരിതെളിയും. ഫെബ്രുവരി 17, 18, 19 തീയതികളിലായാണ് കലോത്സവം നടക്കുക. തൃശ്ശൂര്‍ ടൗണ്‍ഹാള്‍, എഴുത്തച്ഛന് സമാജം ഹാള്‍ എന്നിവിടങ്ങളായിരിക്കും കലോത്സവ വേദികള്‍. 17ന് വൈകിട്ട് നാലു മണിക്ക് വിദ്യാര്‍ത്ഥി കോര്‍ണറില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര എത്തിച്ചേരുന്നതോടെ ഉദ്ഘാടന സമ്മേളനം ആരംഭിക്കും. ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര് ബിന്ദു വര്‍ണ്ണപ്പകിട്ട് ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ രാജന്, കെ.രാധാകൃഷ്ണന്, പി.ബാലചന്ദ്രന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, നഗരസഭാ മേയര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

വിവിധ ജില്ലകളില്‍നിന്നായി ഏകദേശം ഇരുന്നൂറോളം വിദ്യാര്‍ത്ഥികള്‍ കലാമത്സരങ്ങളില്‍ പങ്കെടുക്കും. 18 ന് രാവിലെ 9 മുതല്‍ വൈകിട്ട് ഏഴു വരെയും, 19 ന് രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയുമായിരിക്കും കലാമത്സരങ്ങള്‍. 19 ന് വൈകിട്ട് 5 മണിക്ക് സമാപന സമ്മേളനം നടക്കും. 14 ജില്ലകളില്‍ നിന്നായി വര്‍ണ്ണപ്പകിട്ടില്‍ പങ്കെടുക്കാനെത്തിച്ചേരുന്ന ഗ്രൂപ്പ്, സിംഗിള്‍ ഇനങ്ങള്‍ അവതരിപ്പിക്കുന്ന എല്ലാ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും ആദരഫലകവും ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും സമ്മാനിക്കും. പങ്കെടുക്കാനെത്തുന്ന ട്രാന്‍സ്ജെന്‍ഡര്‍ പ്രതിഭകള്‍ക്ക് താമസം, വാഹനം തുടങ്ങി എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാലു രജിസ്ട്രേഷന് കൗണ്ടറുകളും സജ്ജീകരിക്കുന്നുണ്ട്.

ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ് കലോത്സവം സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണവും വെള്ളവുമുള്‍പ്പെടയുള്ള എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പാടാക്കിയിട്ടുണ്ട്. പരിപാടി നടക്കുന്ന സ്ഥലത്ത് രണ്ട് ജെ.പി.എച്ച്.എന്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ടീമും രണ്ട് ആംബുലന്‍സും സജ്ജീകരിക്കും. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ രചനാപരമായ കഴിവുകള്‍ എല്ലാക്കാലത്തേക്കുമായി അടയാളപ്പെടുത്താന്‍ അവരുടെ സൃഷ്ടികളും വിവിധ ദിവസങ്ങളിലായി അരങ്ങേറുന്ന പരിപാടികളുടെ ഫോട്ടോകളും വാര്‍ത്തകളും ഉള്‍പ്പെടുത്തി പത്രപ്രവര്‍ത്തന വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ സുവനീര്‍ പുറത്തിറക്കും.

ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനുവേണ്ടി ട്രാന്‍സ്ജെന്‍ഡര്‍ നയം നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളമെന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആര്. ബിന്ദു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് സാമൂഹ്യനീതി വകുപ്പ് മുഖേന ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനായി നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നു. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സമസ്ത മേഖലകളിലും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുതകുന്ന പ്രവര്‍ത്തനങ്ങളിലാണ് സാമൂഹ്യനീതി വകുപ്പ്. അതിന്റെ ഭാഗമായി, ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ സാമൂഹ്യ പുന:സംയോജനത്തിന് ഉതകുന്ന വിധത്തിലാണ് വര്‍ണ്ണപ്പകിട്ട് ട്രാന്‍സ്ജെന്‍ഡര്‍ ഫെസ്റ്റ് വിഭാവനം ചെയ്തിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
