

കോതമംഗലം: കോതമംഗലം നേര്യമംഗത്ത് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി പ്രതിഷേധിച്ച സംഭവത്തോടനുബന്ധിച്ച് നടന്നത് നാടകീയ സംഭവങ്ങള്‍. വയോധികയുടെ മൃതദേഹം പ്രതിഷേധക്കാരുടെ കൈയ്യില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു. കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കോതമംഗലത്ത് റോഡില്‍ മൃതദേഹം വച്ചായിരുന്നു പ്രതിഷേധം നടത്തിയത്. നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര(70) ആണ് ഇന്ന് രാവിലെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.


റോഡില്‍ പന്തല്‍ കെട്ടിയാണ് മൃതദേഹം വച്ചിരുന്നത്. ഈ പന്തല്‍ പൊളിച്ചുമാറ്റിയ പോലീസ് പ്രവര്‍ത്തകരെ പിടിച്ചുമാറ്റിയ ശേഷം മൃതദേഹം സൂക്ഷിച്ചിരുന്ന ഫ്രീസര്‍ റോഡിലൂടെ വലിച്ചുകൊണ്ടുപോയി ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. മന്ത്രി നേരിട്ട് വന്ന് വന്യമൃഗ ശല്യത്തില്‍ ഇനിയൊരു അപകടം ഉണ്ടാവില്ലെന്ന് ഉറപ്പ് നല്‍കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. പിന്നീട് ജില്ലാ കളക്ടര്‍ നേരിട്ട് സ്ഥലത്തെത്തി ചര്‍ച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ടു. ഇതിന് കളക്ടര്‍ തയ്യാറായില്ല. കളക്ടറെ സര്‍ക്കാര്‍ തടയുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. ഇതിനിടയില്‍ മരിച്ച സ്ത്രീയുടെ ബന്ധുക്കളെയും പൊലീസ് ബലം പ്രയോഗിച്ച് നീക്കിയെന്നും ആരോപണം ഉയര്‍ന്നു.


എന്നാല്‍ കളക്ടറുമായി വിഷയം ചര്‍ച്ച ചെയ്യാനിരിക്കെ പൊലീസ് മൃതദേഹം പിടിച്ചെടുത്തതിനെ കോണ്‍ഗ്രസ് വിമര്‍ശിച്ചു. സര്‍ക്കാരിന് ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ കുറ്റപ്പെടുത്തി. കൂവ വിളവെടുക്കുന്നതിന് ഇടയിലാണ് ഇന്ദിരയെ കാട്ടന ആക്രമിച്ചത്. കോതമംഗലത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി മരണം സംഭവിച്ചു. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിലായിരുന്നു. ഇന്‍ക്വസ്റ്റ് നടപടിക്കായി പൊലീസ് എത്തിയപ്പോള്‍ തടഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ മൃതദേഹവുമായി റോഡിലേക്ക് പോവുകയായിരുന്നു.
