

ആറ്റിങ്ങല്‍: ഹിറ്റ് ആന്‍ഡ് റണ്‍ നിയമ വ്യവസ്ഥകള്‍ക്കെതിരെ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഫെഡറേഷന്‍(സി.ഐ.ടി.യു) പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ഇന്ത്യന്‍ പീനല്‍ കോഡിന് പകരമായി നിലവില്‍ വന്ന ഭാരതീയ ന്യായ് സംഹിത (ബി.എന്‍.എസ്) പ്രകാരം, വാഹനമോടിക്കുമ്പോള്‍ ഗുരുതരമായ റോഡപകടം ഉണ്ടാക്കുകയും പോലീസിനെയോ ഭരണകൂടത്തിലെ ഏതെങ്കിലും ഉദ്യോഗസ്ഥനെയോ അറിയിക്കാതിരിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് 10 വര്‍ഷംവരെ ജയില്‍ശിക്ഷയും ഏഴു ലക്ഷം രൂപ പിഴയുമടക്കേണ്ടി വരും. ഈ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ ഡ്രൈവര്‍മാര്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്.


ഹിറ്റ് ആന്‍ഡ് റണ്‍ നിയമ വ്യവസ്ഥകള്‍ പലയിടങ്ങളിലും ദുര്‍വിനിയോഗം ചെയ്യുമെന്നും മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഫെഡറേഷന്‍ ആരോപിക്കുന്നു. പലരെയും അകാരണമായി ജയിലിലടക്കും. ഒരു ഡ്രൈവര്‍മാര്‍ പോലും ഒരു ജീവനും നഷ്ടപ്പെടുത്താന്‍ ശ്രമിക്കുകയോ മനപൂര്‍വ്വം അപകടമുണ്ടാക്കുവാനോ ശ്രമിക്കില്ല. ഈ കരിനിയമം പിന്‍വലിക്കണമെന്നാണ് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഫെഡറേഷന്റെ ആവശ്യം. കേരളമൊട്ടാകെ നടന്ന പ്രതിഷേധ ജ്വാലയുടെ ഭാഗമായി ആറ്റിങ്ങലില്‍ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല സി.ഐ.ടി.യു ജില്ലാ ജോ.സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏര്യാ പ്രസിഡന്റ് എം.മുരളി, യൂണിയന്‍ ഏര്യാ സെക്രട്ടറി എന്‍.ലോറന്‍സ്, പ്രസന്നന്‍, എസ്.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

