Breaking News

മേയര്‍ തടഞ്ഞ കെ.എസ്.ആര്‍.ടി.സി ബസിലെ മെമ്മറി കാര്‍ഡ് കാണാനില്ല; അന്വേഷിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ തടഞ്ഞുനിര്‍ത്തിയ കെ.എസ്.ആര്‍.ടി.സി ബസിലെ സി.സി.ടി.വി മെമ്മറി കാര്‍ഡ് കാണാനില്ല. വിവാദ ബസ് ഉള്‍പ്പെടെ തമ്പാനൂര്‍ ഡിപ്പോയില്‍ നാല് ഫാസ്റ്റ് പാസഞ്ചര്‍ ബസുകളിലാണ് ക്യാമറ ഘടിപ്പിച്ചിട്ടുള്ളത്. ഇതില്‍ വിവാദത്തില്‍പെട്ട ബസിന്റെ മെമ്മറി കാര്‍ഡുകളാണ് കാണാതായത്. ബാക്കി മൂന്ന് ബസുകളിലും മെമ്മറി കാര്‍ഡ് ഉണ്ട്. അതേസമയം, മെമ്മറി കാര്‍ഡ് കാണാതായ സംബവം അന്വേഷിക്കാന്‍ ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ കെ.എസ്.ആര്‍.ടി എം.ഡിക്ക് നിര്‍ദേശം നല്‍കി. മേയറും ഭര്‍ത്താവ് സച്ചിന്‍ ദേവ് എം.എല്‍.എയും കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവും തമ്മിലുള്ള തര്‍ക്കത്തില്‍ നിര്‍ണ്ണായക പങ്കാണ് ഈ മെമ്മറി കാര്‍ഡിനുള്ളത്.

യദു ഓടിച്ച കെ.എസ്.ആര്‍.ടി.സി ബസിനുളളില്‍ സി.സി.സി.ടി ക്യാമറയില്‍ ഒരു ദൃശ്യവുമുണ്ടായിരുന്നില്ലെന്ന് പൊലീസ് പരിശോധനയില്‍ വ്യക്തമായി. മെമ്മറി കാര്‍ഡ് കാണാനില്ലെന്നാണ് ബസ് പരിശോധിച്ച ശേഷം പൊലീസ് പറയുന്നത്. മെമ്മറി കാര്‍ഡ് എങ്ങനെ നഷ്ടപ്പെട്ടുവെന്നത് ദുരൂഹമാണ്. മെമ്മറി കാര്‍ഡ് മാറ്റിയതായി സംശയിക്കുന്നുവെന്നും പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ബസ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കെ.എസ്.ആര്‍.ടി.സിക്ക് കത്ത് നല്‍കിയിരുന്നു. ബസ് അമിത വേഗത, അപകടകരമായ ഡ്രൈവിംഗ് തുടങ്ങി ഡ്രൈവര്‍ക്കെതിരെ മേയറുടെ ആരോപണങ്ങളുടെ സത്യാവസ്ഥ തെളിയിക്കാന്‍ ഈ ബസിലെ മെമ്മറി കാര്‍ഡ് കിട്ടിയാല്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

Related posts

Leave a Reply

Your email address will not be published. Required fields are marked *