

വര്‍ക്കല: രാജ്യത്തിന്റെ അഖണ്ഡത കാത്തുസംരക്ഷിക്കുകയും സമത്വവും സാഹോദര്യവും സഹവര്‍ത്തിത്വവും ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നതിന് സ്വാതന്ത്ര്യദിനം പ്രേരകമാകണമെന്ന് നവകേരളം കള്‍ചറല്‍ ഫോറം സംസ്ഥാന പ്രസിഡന്റ് എം.ഖുത്തുബ് അഭിപ്രായപ്പെട്ടു. 78 മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നവകേരളം കള്‍ചറല്‍ ഫോറം സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മഹിത പാരമ്പര്യമായ ഒരുമയുടേയും സ്‌നേഹത്തിന്റേയും സഹിഷ്ണുതയുടെയും ഉത്തമോദാഹരണമാണ് വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ആദ്യാവസാനം പങ്കാളികളായ ജനകീയ കൂട്ടായ്മ തെളിയിച്ചത്. ഇത്തരം മഹനീയവും മാനവികവുമായ ബഹുസ്വര സമീപനം സ്വീകരിക്കുമെന്ന പ്രതിജ്ഞ സ്വാതന്ത്ര്യദിനത്തില്‍ നാം ഏറ്റെടുക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.




വയനാട് ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്കും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്കുമായി മൗന പ്രാര്‍ത്ഥന നടത്തി. നവകേരളം കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് അഡ്വ.മുബാറക്ക് റാവുത്തര്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും കലാസാഹിത്യ പ്രവര്‍ത്തക ക്ഷേമസമിതി സംസ്ഥാന സെക്രട്ടറിയുമായ വടശ്ശേരിക്കോണം പ്രസന്നന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ചലച്ചിത്ര സീരിയല്‍ നടന്‍ ഞെക്കാട് രാജ്, സാഹിത്യകാരന്‍ എം.ടി.വിശ്വതിലകന്‍, ചിത്രകാരന്‍ പ്രകാശ് ഞെക്കാട്, കവി പ്രസേന സിന്ധു, സംഘമിത്ര സംസ്ഥാന കണ്‍വീനര്‍ വള്ളക്കടവ് സുബൈര്‍, കള്‍ച്ചറല്‍ ഫോറം ഓര്‍ഗനൈസിങ് സെക്രട്ടറി വര്‍ക്കല മോഹന്‍ദാസ്, സെക്രട്ടറി മടവൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.


