Breaking News

പാപനാശം കുന്നുകള്‍ വീണ്ടും ഇടിഞ്ഞു; ‘വിനോദ സഞ്ചാരം’ അപകടമേഖലയിലൂടെ

വര്‍ക്കല: മഴ പെയ്തതോടെ വര്‍ക്കല പാപനാശം കുന്നുകള്‍ വീണ്ടും ഇടിഞ്ഞു. ഇന്നലെ പെയ്ത മഴയില്‍ ഏകദേശം 10 മീറ്ററോളം കുന്ന് ഇടിഞ്ഞു താഴ്ന്നിട്ടുണ്ട്. ഹെലിപ്പാഡിന് പടിഞ്ഞാറ് ഭാഗത്ത് കടലിനോട് ചേര്‍ന്നുള്ള ഭാഗമാണ് ഇടിഞ്ഞുവീണത്. ടൂറിസം മേഖലയിലെ നിരന്തരമായ കുന്നിടിച്ചില്‍ കാരണം വിനോദ സഞ്ചാരികളുടെ നടപ്പാത പോലും അപകടാവസ്ഥയിലായ നിലയിലാണ്. ഈ അപകട മേഖലയിലൂടെയാണ് വിനോദ സഞ്ചാരികള്‍ കടന്നുപോകുന്നത്. ഈ ഭാഗത്തുകൂടി കടന്നുപോകുന്നതിന് കാല്‍നടയാത്രക്കാര്‍ക്ക് പോലും നിയന്ത്രണം ഏര്‍പ്പെടുത്തിയും വാഹനഗതാഗതങ്ങള്‍ പൂര്‍ണമായും നിരോധിച്ചുകൊണ്ട് കളക്ടര്‍ ഉത്തരവിറക്കുകയും അവിടെ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോള്‍ മുന്നറിയിപ്പ് ബോര്‍ഡ് ആരും കാണാത്ത രീതിയില്‍ മറച്ചുവച്ച് വാഹന ഗതാഗതം പോലും ഈ അപകടപാതയിലൂടെ നടക്കുന്നുണ്ട്. വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചിരിക്കുകയാണെന്ന് വര്‍ക്കല തഹസീദാര്‍ പറയുമ്പോഴും പോലീസിന്റെ സാന്നിധ്യത്തില്‍ തന്നെ ആ വഴി വാഹനങ്ങള്‍ കടന്നു പോകുന്ന ദൃശ്യങ്ങളാണ് ഇവിടെ കാണാന്‍ കഴിയുന്നത്. വാഹനത്തില്‍ വരുന്നവര്‍ തന്നെ ബാരിക്കേഡ് എടുത്ത് മാറ്റുകയും വാഹനം കടന്നുപോവുകയും പിന്നീട് ബാരിക്കേഡ് തിരിച്ചു സ്ഥാപിക്കുകയുമാണ് ചെയ്യുന്നത്. ഹെലിപ്പാഡിന് സമീപം ടൂറിസം പോലീസിന്റെ എയിഡ് പോസ്റ്റിന് സമീപമുള്ള ക്ലിഫ് നടപ്പാതയാണ് ബാരിക്കേഡ് വച്ച് വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നത്.

മുന്നറിയിപ്പുകള്‍ അവഗണിച്ച് കാല്‍നടയാത്ര പോലും അപകടകരമായ ഈ പാതയിലൂടെ ഇരുചക്ര വാഹനങ്ങള്‍, കാറുകള്‍ എന്നിവ യഥേഷ്ടം കടന്നുപോകുന്നുണ്ട്. പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലുള്ള പ്രദേശത്തുകൂടിയാണ് ഇത്തരം നിയമലംഘനങ്ങള്‍ നടക്കുന്നത്. ഇന്ന് രാവിലെ വര്‍ക്കല തഹസ്സീദാര്‍, വര്‍ക്കല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും വര്‍ക്കല തഹസില്‍ദാര്‍ പറഞ്ഞു. തഹസില്‍ദാര്‍, ജില്ലാ കളക്ടര്‍ തുടങ്ങി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പുറമേ മുന്‍ കേന്ദ്ര മന്ത്രി വി.മുരളീധരന്‍, കേന്ദ്ര മന്ത്രി സുരേഷ് ഗോപി എന്നിവര്‍ ഇവിടം സന്ദര്‍ശിച്ച് പാപനാശം കുന്നുകള്‍ സംരക്ഷിക്കണമെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തിട്ടും അത്തരത്തിലുള്ള യാതൊരുവിധ നടപടികളും നാളിതുവരെ സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാര്‍ പരാതി പറയുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *