

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന് ശബരിമല വീണ്ടും അഗ്നിപരീക്ഷണമാകുന്നു. ശബരിമല ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ മാത്രമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബി.ജെ.പി ശക്തമായി പ്രതിഷേധിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് വ്യക്തമാക്കി. ബുക്കിംഗ് ഇല്ലാതെ ഭക്തജനങ്ങള്‍ എത്തിയാല്‍ ദര്‍ശനത്തിനായി ഭക്തരെ സഹായിക്കുമെന്ന് കെ.സുരേന്ദ്രന് പറഞ്ഞു. സ്പോട്ട് ബുക്കിംഗ് വഴി ദര്‍ശനം നടത്താന്‍ സര്‍ക്കാര്‍ അനുവദിച്ചില്ലെങ്കില്‍ തീര്‍ത്ഥാടകര്‍ക്കൊപ്പം തങ്ങളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭക്തജനങ്ങളുടെ സൗകര്യവും സുരക്ഷയും കണക്കിലെടുത്താണ് സ്പോട്ട് ബുക്കിംഗ് ഒഴിവാക്കി വെര്‍ച്വല്‍ ക്യൂ മാത്രമാക്കാനുള്ള തീരുമാനമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം.


അതേസമയം, ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ മാത്രമാക്കാനുള്ള ഇടതുപക്ഷ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും മുഖംതിരിച്ചിരിക്കുകയാണ്. ശബരിമലയില്‍ സ്പോട്ട് ബുക്കിംഗ് വേണ്ടന്ന തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് മാത്രം ഏര്‍പ്പെടുത്താനുള്ള തീരുമാനം ബി.ജെ.പിയും പ്രതിപക്ഷ കക്ഷികളും മുതലെടുക്കുമെന്ന വിലയിരുത്തലും സി.പി.എം പത്തനം ജില്ലാ കമ്മിറ്റിയുടെ വിയോജിപ്പിന് കാരണമായിട്ടുണ്ട്. നേരത്ത, ശബരിമല സ്ത്രീ പ്രവേശന വിഷയം സംസ്ഥാന വ്യാപകമായി പാര്‍ട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കിയിരുന്നു.


സ്പോട്ട് ബുക്കിങ്ങ് അനുവദിക്കില്ലെന്ന ദേവസ്വം ബോര്‍ഡ് നിലപാട് ശബരിമലയെ വീണ്ടും സംഘര്‍ഷഭരിതമാക്കാനുള്ള ഇടത് സര്‍ക്കാരിന്റെ ആസൂത്രിത നീക്കമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്.വി.ബാബു പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷത്തേതുപോലെ ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് ദര്‍ശനം നടത്താനാവാതെ മടങ്ങിപ്പോകേണ്ട അവസ്ഥ ഇത്തവണയും ഉണ്ടാകും. ദേവസ്വം ബോര്‍ഡിന്റേയും സര്‍ക്കാരിന്റെയും തീരുമാനം ഭക്തരില്‍ അടിച്ചേല്പിച്ചാല് ഹൈന്ദവ സംഘടനകള്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തുവരുമെന്നും ആര്.വി.ബാബു അറിയിച്ചു.


